ഡോ.പൂജപ്പുരകൃഷ്ണന്‍നായര്‍
ശുദ്ധം
ആത്മാവു ശുദ്ധമാണ്. അതില്‍ കലര്‍പ്പില്ല. അനാത്മവസ്തുക്കള്‍ യാതൊന്നും അതില്‍ പൂരളുന്നില്ല. അതില്‍ പുരളാനായി അന്യപദാര്‍ത്ഥം യാതൊന്നുമില്ല. സ്‌ക്രീനില്‍ സിനിമ കാണുന്നതു പോലെയാണ് പരമാത്മാവില്‍ ലോകത്തെ നാം ദര്‍ശിക്കുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീന്‍ കാണപ്പെടുന്നതേയില്ല. എങ്കിലും യാതൊന്നും പുരളാതെ യാതൊരു മാറ്റവുമില്ലാതെ സ്‌ക്രീന്‍ നിലനില്‍ക്കുന്നു. പരമാത്മാവില്‍ ലോകത്തെ നാം കണ്ടുകൊണ്ടിരിക്കുമ്പോഴും ഇതേ രീതിയില്‍ പരമാത്മാവിനു യാതൊരു മാറ്റവും സംഭവിക്കുന്നില്ല. മറ്റൊന്നും പുരളാതെ അതു ശുദ്ധവും അചഞ്ചലവുമായി പരിലസിക്കുന്നു.
‘ഈശാവാസ്യമിദംസര്‍വം
യത്കിച ജഗത്യാം ജഗത്’
എന്നിങ്ങനെ ഈശാവാസ്യോപനിഷത്തിലെ പ്രഥമ മന്ത്രത്തിലെ പ്രഥമാര്‍ദ്ധത്തില്‍ സുചിതമായിരിക്കുന്ന ഈശന്‍ ഈ പരബ്രഹ്മമാണ്. മനുഷ്യനായും മൃഗങ്ങളായും പക്ഷികളായും വൃക്ഷങ്ങളായും സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും കാണപ്പെടുന്നതെല്ലാം ഈശനല്ലാതെ വേറൊന്നുമല്ല. ഒരേ ഒരു പരമാത്മാവ് പല രൂപത്തില്‍ നമുക്കു മുന്നില്‍ കാണപ്പെടുന്നതാണ് ഈ ലോകദൃശ്യങ്ങളെല്ലാം. ഇവിടെ പരമാത്മാവല്ലാതെ രണ്ടാമതൊരു വസ്തുവില്ലാത്തതുകൊണ്ട് അതു ശുദ്ധമാണ്.
പരബ്രഹ്മം സര്‍വവ്യാപിയാണ്. അതുകൊണ്ടു അതിനു ദേശത്തിന്റെ പരിമിതികളില്ല. എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നു ആര്‍ക്കും പറയാന്‍ സാദ്ധ്യമല്ല. ദൃശ്യമായ ഈ ഭൗതിക ജഗത്തിന്റെ ആദ്യവസാനങ്ങളറിയാന്‍പോലും നമുക്കു കഴിയുന്നില്ല. ഈ പ്രപഞ്ചം പരത്മാവിന്റെ ഒരുപാദം മാത്രമാണ്. അതിന്റെ മൂന്നു പാദങ്ങള്‍ മാറ്റമില്ലാതെ എങ്ങും വ്യാപിച്ചു നിലകൊള്ളുന്നു.’ ത്രിമൂര്‍ത്തികള്‍ക്കുപോലും അതു അറിയാനാവില്ലെന്നതാണു സത്യം. ശിവന്റെ ജടയും പാദവും കാണാന്‍ പരിശ്രമിച്ചു പരാജയപ്പെട്ട ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും കഥ പുരാണപ്രസിദ്ധമാണ്. ഈ കഥയിലെ ശിവന്‍ പരമാത്മാവാണെന്നറിയണം. ആദ്യന്തരഹിതനാണ് അദ്ദേഹമെന്നതിന്റെ സ്ഫുടപ്രകാശനമാണ് ഈ കഥ.
ദേശവും കാലവും പരസ്പരസാപേക്ഷമാകയാല്‍ ദേശത്തിന്റെ പരിമിതിയില്ലാത്ത പരബ്രഹ്മത്തിന് കാലത്തിന്റെ പരിമിതിയുമുണ്ടാവുക വയ്യ. പ്രപഞ്ചോല്‍പത്തിയുടെ രണ്ടാമതു സ്പന്ദനം മുതലാണു കാലം ആരംഭിക്കുന്നത്. അതിനുമുമ്പും ബ്രഹ്മമുണ്ട്. പ്രപഞ്ചം പൂര്‍ണ്ണമായി വിലയം പ്രാപിച്ചാലും അതുണ്ടാകും. പ്രപഞ്ചം ലയിക്കുന്നത് ബ്രഹ്മത്തിലാണെന്നു മറക്കരുത്. അതിനാല്‍ ഉണ്ടാവുക, വളരുക, ക്ഷയിക്കുക, നശിക്കുക തുടങ്ങിയ മാറ്റങ്ങള്‍ അതിനില്ല.
ബ്രഹ്മം മാത്രമേ ഉളളൂ. അതല്ലാതെ രണ്ടാമതൊരു വസ്തുവില്ല. കാലദേശങ്ങളുടെ പരിമിതികളില്ലാത്തതിനാല്‍ അതു നിശ്ചലമാണ്. ഈ ശാവാസ്യോപനിഷത്തിലെ മന്ത്രദ്രഷ്ടാവായ ഋഷി ഇങ്ങനെ പറയുന്നു.
അനേജദേകം മനസോ ജവീയോ
നൈനദ്ദേവാഃ ആപ്തുവന്‍ പൂര്‍വമര്‍ഷത്,
തദ്ധാവതോfന്യാനത്യോതി തിഷ്ഠത്
തസ്തിന്നപോ മാതരിശ്വാ ദധാതി.
ഈ ലോകത്തുള്ള വേഗതയേറിയ പദാര്‍ത്ഥമാണ് മനസ്സ്, അതിനെക്കാളും വേഗത നിശ്ചലമായ ബ്രഹ്മത്തിനുണ്ട്. പ്രഥമദൃഷ്ട്യാ വൈരുദ്ധ്യം തോന്നിക്കുന്ന പ്രസ്താവമാണിത്. എങ്കിലും യഥാര്‍ത്ഥത്തില്‍ ഇവിടെ വൈരുദ്ധ്യമില്ല. മനസ്സിന് എത്രവേഗതയുണ്ടെന്നിരുന്നാലും ബ്രഹ്മത്തിനുള്ളിലേ അതിനു ചലിക്കാനാവൂ. മനസ്സ് ഏതിടത്ത് എത്തിച്ചേരുമ്പോഴും അതിനുമുമ്പ് പരമാത്മാവ് അവിടെയുണ്ടെന്നു സ്പഷ്ടം. പാത്രത്തിലെ നിശ്ചലമായ ജലത്തില്‍ ഓടി നടക്കുന്ന മത്സ്യങ്ങളുടെ അവസ്ഥയാണു മനസ്സുള്‍പ്പെടെ എല്ലാ പ്രാപഞ്ചിക പദാര്‍ത്ഥങ്ങള്‍ക്കും. മീന്‍ എത്രവേഗം നീന്തിയാലും എത്രവേഗം എവിടെ എത്തിച്ചേര്‍ന്നാലും അതിനുമുമ്പ് അവിടെ വെള്ളമുണ്ടായിരിക്കും. ബ്രഹ്മം നിശ്ചലമായി ജയിക്കുന്നു എന്നു ഋഷി പറഞ്ഞുവച്ചതു അതുകൊണ്ടാണ്. അത്യന്തസൂക്ഷ്മമായ അതിനെ ദേവന്മാര്‍ക്കുപോലും മനസ്സിലാക്കാനാവില്ല. പ്രപഞ്ചത്തെ മുഴുവന്‍ ജീവസ്സുറ്റതാക്കമാറ്റുന്ന പ്രാണന്‍ നിലകൊള്ളുന്നത് ബ്രഹ്മത്തിലാണെന്നും അറിയണം. പരമാത്മാവിന്റെ സര്‍വവ്യാപിത്വം സമര്‍ഥമായി പ്രതിപാദിച്ചിരിക്കുന്ന മന്ത്രമാണിത്.
സര്‍വവ്യാപിയും കാലാതിവര്‍ത്തിയും നിര്‍ഗുണവും നിരാകാരവുമായ പരമാത്മാവില്‍ ലോകസൃഷ്ടിക്കായുള്ള ചലനം ആരംഭിച്ചു. സൃഷ്ടിക്കൊരുങ്ങിയ ബ്രഹ്മത്തെയാണു കാരണജലമെന്നു പറയുന്നത്. പ്രപഞ്ചം തിരികെ ലയിക്കുന്നതുമതില്‍ത്തന്നെ. അപ്പോള്‍ അതിനു പ്രളയജലമെന്നു പേര്. ചലിക്കുന്ന ബ്രഹ്മം തന്നെയാണു പ്രകൃതി. പ്രകൃതിസ്വരൂപം ബ്രഹ്മഃ എന്നു ആചാര്യന്മാര്‍ പറഞ്ഞുവച്ചത് അതുകൊണ്ടാണ് പ്രകൃതി. അതുകൊണ്ട് അതിനെ ത്രിഗുണാത്മികയെന്നു വിളിക്കുന്നു. മായയെന്നും അതിനുപേരുണ്ട്. നിശ്ചലമായ തടാകത്തിന്റെ നടുവില്‍ ഒരു കല്ലിട്ടാല്‍ അവിടെനിന്നു വലയാകാരത്തിലാരംഭിക്കുന്ന തരംഗങ്ങള്‍ തടാകത്തിലെമ്പാടും വളര്‍ന്നശേഷം പുറപ്പെട്ട സ്ഥാനത്തു മടങ്ങിയെത്തുംപോലെ പ്രകൃതി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനു വിടര്‍ന്ന താമരപ്പൂവിനോടും സാദൃശ്യം സംഭവിക്കുന്നതിനാല്‍ ബ്രഹ്മത്തിനു പദ്മാനഭനെന്നു പൗരാണികന്മാര്‍ പേരിട്ടു.
Discussion about this post