വയനാട്: വിദ്യാഭ്യാസ രംഗത്തും ഒരു കേരള മോഡല്‍ നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് . വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി. സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ കൈകൊണ്ടുപോരുന്നത്. അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളുടെ സര്‍ഗ്ഗകലാ വാസനകളെയും കായിക പ്രവര്‍ത്തനങ്ങളെയും പരിപോഷിപ്പിക്കാനുള്ള ശ്രമം ഇന്ന് കൈക്കൊണ്ട് വരുന്നു. ഇതിന്റെ ഭാഗമായി 9, 10 ക്ലാസ്സുകളിലേക്ക് ഒഴികെയുള്ള എല്ലാ പാഠപുസ്‌തകങ്ങളും പരിഷ്‌കരിച്ച് കഴിഞ്ഞു. 9, 10 ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്‌തകങ്ങള്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഇതോടെ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്‌തകങ്ങളെല്ലാം പുതിയതാകും. ഒപ്പം പ്രീ പ്രൈമറി തലത്തിലും ഭിന്നഷശേഷിയുള്ള കുട്ടികള്‍ക്കുമുള്ള പാഠപുസ്‌തകങ്ങളും പരിഷ്‌കരിച്ച് കഴിഞ്ഞു. ഏറ്റവും സൂക്ഷ്‌മമായി ഒരു പരാതിക്കും വിവാദത്തിനും ഇടവരുത്താത്തവണ്ണം ഈ പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്റെ വലിയൊരു നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുള്ള കിറ്റ് ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എയും സൗജന്യ യൂണിഫോം കെ.എം. ഷാജി എം.എല്‍.എയും വിതരണം ചെയ്തു.
Discussion about this post