തിരുവനന്തപുരം : ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ കാണിക്ക വഞ്ചി കവര്‍ച്ച കേസിലെ മൂന്നാം പ്രതിയും പിടിയിലായി.
റൂറല്‍ എസ്.പി. യുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ പോലീസ് സംഘം കാസര്‍കോട് കാഞ്ഞങ്ങാട്ടുനിന്നുമാണ് മൂന്നാമത്തെ പ്രതിയെ അറസ്റ്റുചെയ്തത്. കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സുരേഷ് (33) ആണ് പിടിയിലായത്. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
മെയ് 20 ന് അര്‍ദ്ധരാത്രി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ മണ്ഡപത്തില്‍ സൂക്ഷിച്ചിരുന്ന നാലു കാണിക്ക വഞ്ചികളാണ് മൂന്നംഗ മോഷണസംഘം പൊട്ടിച്ച് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചത്. മോഷണശേഷം ഒളിവില്‍ പോയ പ്രതികളില്‍ ബാബു, ശ്യാം എന്നിവരെ അംബൂരിയില്‍ നിന്നും മംഗലപുരത്ത് നിന്നും പോത്തന്‍കോട് പോലീസ് പിടികൂടിയിരുന്നു.
മോഷണം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ പോലീസിന് എല്ലാ പ്രതികളേയും പിടികൂടുവാന്‍ കഴിഞ്ഞു. കഴക്കൂട്ടം സി.ഐ. കെ.എസ്. അരുണ്‍, പോത്തന്‍കോട് എസ്.ഐ. വിജയരാഘവന്‍, ഷാഡോ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post