തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കുന്നതില്‍ യാതൊരുവിധ നിയന്ത്രണവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍.
ഇക്കഴിഞ്ഞ മെയ് 12-ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ആസൂത്രണ ബോര്‍ഡ് യോഗം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യുകയും പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഓരോ പദ്ധതിയ്ക്കും കേന്ദ്രവിഹിതം ലഭിക്കുന്ന മുറയ്ക്കാണ് ധനകാര്യ വകുപ്പ് ഈ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി കേന്ദ്രവിഹിതം ലഭിക്കുന്നതിന് കാത്തിരിക്കാതെ പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനാണ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനാണിത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം അനുവദിക്കുന്നതും നടത്തിപ്പും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍/നീതി ആയോഗ് എന്നിവിടങ്ങളില്‍ നിന്ന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിന് ജൂലൈ വരെ ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയെന്ന് ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണക്കുറിപ്പെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു.
Discussion about this post