കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച കേസില്‍ പ്രധാന പ്രതിയായി ചേര്‍ത്ത അഗ്നി-രക്ഷാ സേനയിലെ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം പുത്തന്‍വേലി വീട്ടില്‍ അജികുമാര്‍ (41) ആണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
വിമാനത്താവളത്തിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സിഐഎസ്എഫ് ജവാന്മാരെ കോടതി റിമാന്‍ഡ് ചെയ്തു. ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി ഇന്നലെ കൊണേ്ടാട്ടിയിലെത്തി ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി അവലോകനം ചെയ്തു.
കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അജികുമാറിനെ കൊണേ്ടാട്ടി സിഐ ബി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കൊണേ്ടാട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ അഗ്നിരക്ഷാ സേനയിലെ സീനിയര്‍ സൂപ്രണ്ട് തിരുവല്ല നടുവിലപ്പറമ്പ് വീട്ടില്‍ സണ്ണി തോമസിനെ (57) സ്വകാര്യാശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സിഐഎസ്എഫ് ജവാന്‍മാരെ അറസ്റ്റ് ചെയ്യുമെന്ന് ശങ്കര്‍ റെഡ്ഡി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് എഡിജിപി കൊണേ്ടാട്ടിയിലെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ, ഡിവൈഎസ്പിമാരായ എസ്. അഭിലാഷ്, എ. ഷറഫുദീന്‍, സിഐമാരായ ബി. സന്തോഷ്, കെ.എം. ബിജു തുടങ്ങിയവരുമായി അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട രണ്ട് സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐമാരെയാണു വിളിച്ചുവരുത്തിയത്.
Discussion about this post