തിരുവനന്തപുരം: മെയ് 30 ന് മുമ്പ് ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുത്ത എല്ലാ നഴ്‌സുമാര്‍ക്കും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രവാസികാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ മന്ത്രി കെ.സി. ജോസഫിന്റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് സുതാര്യമായി നടന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുത്ത നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒഴിവാക്കുമെന്ന് വിദേശകാര്യ മന്ത്രി നല്‍കിയ ഉറപ്പ് നടപ്പിലാക്കാനും നടപടി സ്വികരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. നഴ്‌സിംഗ് രംഗത്തെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. എന്നാല്‍ ഇത് നടപ്പിലാകണമെങ്കില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ 18 രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. കുവൈറ്റ് ഒഴികെ ഒരു രാജ്യവത്തെയും ഇന്ത്യന്‍ എംബസികള്‍ ഇതുവരെ ഈ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ല. അതിനാല്‍ 18 രാജ്യങ്ങളിലേക്ക് മെയ് 30 ന് ശേഷം ഇന്ത്യയില്‍ നിന്നും ആര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
Discussion about this post