കുറവിലങ്ങാട്: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കാളികാവ് ദേവീക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി കവര്‍ച്ച. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. നാലമ്പലത്തിനുള്ളിലുള്ള സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏഴു ഭണ്ഡാരങ്ങളില്‍ നാലെണ്ണം തല്ലിതകര്‍ത്തു പണം കവര്‍ന്നു. ഒരു ഭണ്ഡാരം സ്റ്റോറിനുള്ളില്‍ വെച്ചും മൂന്നെണ്ണം ക്ഷേത്രമുറ്റത്തിനു പുറത്തെത്തിച്ചുമാണു തല്ലിപ്പൊളിച്ചത്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാ ദിവസവും സ്ഥാപിക്കുകയും വൈകുന്നേരമെടുത്തു സ്റ്റോറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഭണ്ഡാരങ്ങളാണിവ.
കഴിഞ്ഞ ഒരുമാസത്തിലേറെയായി തുറക്കാത്ത ഈ ഭണ്ഡാരങ്ങളില്‍ കാണിക്കയായി ലഭിച്ച പണമുണ്ട്. ക്ഷേത്രമുറ്റത്തിനു സമീപം ഉപേക്ഷിച്ച നിലയിലുള്ള ഭണ്ഡാരങ്ങളില്‍ ചില്ലറ നാണയങ്ങളുണ്ട്. മാസങ്ങള്‍ക്കു മുമ്പും ഈ ക്ഷേത്രത്തില്‍ എണ്ണകൗണ്ടറില്‍ മോഷണം നടന്നിരുന്നു. ബുധനാഴ്ചയും എണ്ണ കൗണ്ടര്‍ പൂട്ടുപൊളിച്ചു മോഷണശ്രമം നടത്തിയിട്ടുണ്ട്. ക്ഷേത്രചുറ്റുമതിലിന്റെ പിന്‍വാതില്‍ തകര്‍ത്താണു മോഷണസംഘം അകത്തുകയറിയതെന്നാണു വിലയിരുത്തല്‍. കുറവിലങ്ങാട് എസ്‌ഐ കെ.ആര്‍. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
Discussion about this post