തിരുവനന്തപുരം: സംസ്ഥാനത്തു കൊള്ളപ്പലിശ വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടത്തിനു മുന്നോടിയായി തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികള്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകും. രജിസ്‌ട്രേഷന്‍ ഇല്ലാത്ത നിരവധി ചിട്ടിക്കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അനധികൃത കൊള്ളപ്പലിശയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണം. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ ജില്ലകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. മാധ്യമങ്ങളും ഓപ്പറേഷന്‍ കുബേരയോടു സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകളും പൊതുമേഖല ബാങ്കുകളും ലോണ്‍ നല്കുന്നതിന് ഉദാര സമീപനം സ്വീകരിക്കണം. കൊള്ളപ്പലിശക്കാരെ പറ്റിയുള്ള വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകളിലോ ബന്ധപ്പെട്ട മറ്റ് അധികാരികളെയോ അല്ലെങ്കില്‍ മന്ത്രിയെ നേരിട്ടോ അറിയിക്കണം. ആലപ്പുഴയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്നു റവന്യു വകുപ്പ് മുന്‍ ജീവനക്കാരന്‍ എം.എം. അംഗദന്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം ഭീഷണിയെക്കുറിച്ച് ആരെയും അറിയിച്ചില്ല. അത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടത്തിന് ഇന്നു തന്നെ തുടക്കമാകും. എല്ലാ ജില്ലകളിലും എസ്പിമാരുടെ മേല്‍നോട്ടത്തില്‍ റെയ്ഡുകള്‍ നടക്കും. അരുണ്‍കുമാര്‍ സിന്‍ഹ ഓപ്പറേഷന്‍ കുബേരയുടെ നോഡല്‍ ഓഫീസറായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ആഭ്യന്തരമന്ത്രിയുടെ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Discussion about this post