ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവും രത്‌ലം-ഝാബുവ എംപിയുമായ ദിലീപ് സിംഗ് ഭൂരിയ (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മധ്യപ്രദേശിലെ പ്രമുഖ ആദിവാസി നേതാവായ ഭൂരിയ 1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പെട്‌ലവാഡ് മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി. ആറു തവണ ലോക്‌സഭാംഗമായിരുന്നു. ഝാബുവ മണ്ഡലത്തില്‍നിന്ന് 1980 മുതല്‍ 1996 വരെ ഭൂരിയ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിയായി. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് സിംഗുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു ഭൂരിയ 1998ല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു.
ഝാബുവയില്‍ പിന്നീട് ബിജെപി ടിക്കറ്റില്‍ പലതവണ മത്സരിച്ചെങ്കിലും ദിലീപ് സിംഗ് ഭൂരിയയ്ക്കു വിജയിക്കാനായില്ല. കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ഭൂരിയയാണു എല്ലായ്‌പ്പോഴും ദിലീപ് സിംഗിനെ പരാജയപ്പെടുത്തിയത്. 2014ല്‍ ജയത്തോടെ ദിലീപ് സിംഗ് കാന്തിലാലിനോടു പകരംവീട്ടി. ദിലീപ് സിംഗ് ഭൂരിയയുടെ മകള്‍ നിര്‍മല പെട്‌ലബാഡിലെ ബിജെപി എംഎല്‍എയാണ്.
Discussion about this post