നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതി കല്ലിയൂര്‍ കേളേശ്വരം സ്വദേശി രാജേഷി(30) നെ നെയ്യാറ്റിന്‍കര സിഐ സി. ജോണും സംഘവും അറസ്റ്റു ചെയ്തു. തിടപ്പള്ളിയിലെയും ശ്രീകോവിലിലെയും ബള്‍ബുകള്‍ ഊരിമാറ്റി പാര കൊണ്ടു കുത്തിപ്പൊളിച്ചാണ് ഇയാള്‍ മോഷണം നടത്താറുള്ളതെന്നു പോലീസ് പറഞ്ഞു. മാരായമുട്ടം ശ്രീനീലകേശി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ലഭിച്ച ഫിംഗര്‍പ്രിന്റ് തെളിവുകളും മോഷ്ടാവിനെ കുടുക്കാന്‍ സഹായിച്ചതായും പോലീസ് അറിയിച്ചു.
മാരായമുട്ടം ശ്രീനീലകേശി ക്ഷേത്രം, ബാലരാമപുരം കാറാത്തല ഭഗവതി ക്ഷേത്രം, കോട്ടയ്ക്കല്‍ ഇലങ്കം ക്ഷേത്രം, പൊഴിയൂര്‍ പഴയ ഉച്ചക്കട താഴവിള ക്ഷേത്രം, കേളേശ്വരം ആത്മബോധിനി ക്ഷേത്രം, ഉച്ചക്കട പയറ്റുവിള ക്ഷേത്രം, പഴയകട അമ്മേ നാരായണ ക്ഷേത്രം, പാലിയോട് തത്തിയൂര്‍ ദേവി ക്ഷേത്രം മുതലായ വിവിധ ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞു. കാനറാ ബാങ്കിന്റെ കമുകിന്‍കോട് എടിഎം കൗണ്ടര്‍, നെയ്യാറ്റിന്‍കര എടിഎം കൗണ്ടര്‍ എന്നിവയും കുത്തിപ്പൊളിച്ചു മോഷണം നടത്തിയ കേസില്‍ രാജേഷ് പ്രതിയാണ്. വെള്ളറട ഹൈസ്‌കൂളിലെ പ്രോജക്ടര്‍ മോഷ്ടിച്ചതും രാജേഷാണെന്നു പോലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പു തിരുപുറത്ത് ഒരു വീട്ടില്‍ നിന്നു പത്തു പവനും ലാപ്‌ടോപ്പും മൊബൈലും മോഷ്ടിച്ച കേസില്‍ പൂവാര്‍ സിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി. എന്നാല്‍ ഈ കുറ്റങ്ങളൊന്നും അന്നു പ്രതി സമ്മതിച്ചിരുന്നില്ല. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു സിഐ ജോണ്‍ അറിയിച്ചു.
Discussion about this post