ആലപ്പുഴ: പ്രീഡിഗ്രിക്കാരന്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പൊള്ളേത്തൈ 21-ാം വാര്‍ഡില്‍ തൈക്കല്‍കാട്ടില്‍ തോമസിന്റെ മകന്‍ ടെസ്‌ല തോമസ് (37) ആണു പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി. സുരേഷ്‌കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രീഡിഗ്രി വരെ പഠിച്ച ടെസ്‌ല സോറിയാസിസ് അസോസിയേഷന്‍ എന്ന സംഘടനയുടെ മറവില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം പല പേരുകളില്‍ സോറിയാസിസിനു ചികിത്സ നടത്തി വരികയായിരുന്നു. പരമ്പരാഗത വൈദ്യന്‍, ഹോമിയോ ഡോക്ടര്‍ എന്നൊക്കെ പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.












