തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഖില കേരള വായനമല്‍സരത്തിന്റെ സ്‌കൂള്‍തല മല്‍സരം ജൂലൈ രണ്ടിന് നടക്കും. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ നാല് ഘട്ടമായാണ് മല്‍സരം. സ്‌കൂള്‍തലത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് എഴുത്തുപരീക്ഷ നടക്കും.
സ്‌കൂള്‍ തലത്തില്‍ 10 ചോദ്യങ്ങള്‍ നിര്‍ദ്ദേശിച്ചുള്ള പുസ്തകങ്ങളില്‍ നിന്നും ശേഷിക്കുന്ന 40 ചോദ്യങ്ങള്‍ പൊതുവിജ്ഞാനവുമായിരിക്കും. സ്‌കൂള്‍തലത്തിലുള്ള മല്‍സരങ്ങള്‍ സ്‌കൂള്‍ അധികൃതരാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ആദ്യത്തെ മൂന്നുസ്ഥാനക്കാര്‍ക്ക് താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. താലക്ക്തലത്തിലെ ആദ്യ 10 സ്ഥാനക്കാര്‍ക്ക് ജില്ലാതല മല്‍സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മല്‍സരത്തിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാം. താലൂക്ക്തലത്തിലും ജില്ലാതലത്തിലും എഴുത്തുപരീക്ഷയായിരിക്കും. സംസ്ഥാനതലത്തില്‍ ക്വിസ് മല്‍സരവും എഴുത്തുപരീക്ഷയും ഓറല്‍ പരീക്ഷയും ഉണ്ടാവും. താലൂക്ക്തലം – 2015 ആഗസ്റ്റ് രണ്ടിനും ജില്ലാതലം- 2015 സെപ്തംബര്‍ 27-നും സംസ്ഥാനതലം 2015 നവംബര്‍ 14, 15 തീയതികളും നടക്കും. താലൂക്ക്തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,500, 1,000, 750 രൂപ ക്യാഷ് അവാര്‍ഡും ആദ്യത്തെ 10 സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2,000, 1,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി പഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായ ലൈബ്രറിയ്ക്കും ട്രോഫി നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് 7,500 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 4,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിപഠിക്കുന്ന സ്‌കൂളിനും കുട്ടി അംഗമായിട്ടുള്ള ഗ്രന്ഥശാലയ്ക്കും ട്രോഫി നല്‍കും. കൂടാതെ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിയ്ക്ക് 1,500 രൂപയുടെ ജയശങ്കര്‍ സ്മാരക ക്യാഷ് അവാര്‍ഡും സ്‌കൂളിന് ജയശങ്കര്‍ സ്മാരക റോളിംഗ് ട്രോഫിയും സമ്മാനിക്കും.
സ്‌കൂള്‍തല മത്സരങ്ങള്‍ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും എല്ലാ വിദ്യാര്‍ത്ഥികളും അഖില കേരള വായന മല്‍സരത്തില്‍ പങ്കാളികളാകണമെന്നും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണനും സെക്രട്ടറി പി.അപ്പുക്കുട്ടനും അറിയിച്ചു.
Discussion about this post