ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള ഐപിഎല്‍ വാതുവയ്പ്, ഒത്തുകളി കേസില്‍ കുറ്റംചുമത്തുന്നതിന്മേല്‍ വിധി പറയുന്നതു കോടതി മാറ്റിവെച്ചു. ഡല്‍ഹി വിചാരണക്കോടതിയാണു വിധി പറയുന്നതു ജൂലൈ 25 ലേക്കു മാറ്റിവെച്ചത്. കേസിന്റെ വിധി തയാറാക്കുന്ന നടപടിക്കു കുറച്ചുകൂടി സമയം വേണമെന്നാവശ്യപ്പെട്ടാണു വിധി പറയുന്നതു മാറ്റിവെച്ചത്.
ഐപിഎല്‍ വാതുവയ്പിനെ കുറിച്ച് അന്വേഷിച്ച ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന്റെ കുറ്റപത്രത്തിന്മേലുള്ള തീരുമാനമാണു കോടതി പ്രഖ്യാപിക്കേണ്ടിയിരുന്നത്. രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
2013 മേയ് ഒന്‍പതിനു മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ഡല്‍ഹി പൊലീസിന്റെ കണെ്ടത്തല്‍. ശ്രീശാന്ത് അടക്കമുള്ളവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇതിനു പോലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. ദാബൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണു വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്നു ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണു പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
Discussion about this post