തിരുവനന്തപുരം: മകരജ്യോതി ശബരിമലയിലെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതു മനുഷ്യനിര്‍മിതമാണോയെന്നു പരിശോധിക്കാന്‍ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. യാതൊരു രീതിയിലും ശാസ്‌ത്രജ്‌ഞന്‍മാരെയോ ആത്മീയ,ഭൗതികവാദികളെയോ കൊണ്ട് മകരജ്യോതി പരിശോധിക്കാന്‍ ഉദ്ദേശ്യമില്ല.-മകരജ്യോതി മനുഷ്യസൃഷ്‌ടിയാണോ എന്നു വിശദീകരിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി . തിരുവനന്തപുരത്തു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണു മുഖ്യമന്ത്രിയുടെ വിശദീകരണം.
ശബലിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള കേന്ദ്ര, സംസ്‌ഥാന ധനസഹായം വിതരണം ചെയ്യാന്‍ പ്രത്യേക ടീം രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള ഒരു ലക്ഷം രൂപയും സംസ്‌ഥാന സര്‍ക്കാരിന്റെ അഞ്ചു ലക്ഷം രൂപയും ആണു വിതരണം ചെയ്യുക. അതേസമയം തന്നെ മകരജ്യോതിയുടെ കാര്യത്തില്‍ ഗവേഷണം നടത്തേണ്ടതില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിപ്പാണുള്ളത്. പരമ്പരാഗതമായുളള വിശ്വാസമാണിതെന്നും അന്വേഷണം നടത്തേണ്ട ചുമതല സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യ്‌കതമാക്കി.
Discussion about this post