തിരുവനന്തപുരം: സേഫ് കേരള പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി നടത്തിയ റെയ്ഡുകളെത്തുടര്‍ന്ന്, നോട്ടീസ് ലഭിച്ചിട്ടും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമൊഴിവാക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
1,06,654 വീടുകളിലും, 4,865 സ്ഥാപനങ്ങളിലും, 2,491 തോട്ടങ്ങളിലും 29 ന് സേഫ് കേരള സ്‌ക്വാഡുകള്‍ റെയ്ഡുകള്‍ നടത്തിയതായി മന്ത്രി അറിയിച്ചു. ഇതേത്തുടര്‍ന്ന് പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലുള്ള 2,154 വീടുകള്‍ക്കും 626 സ്ഥാപനങ്ങള്‍ക്കും 289 തോട്ടങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പ് നടത്തിയ റെയ്ഡുകളില്‍ നോട്ടീസ് ലഭിച്ചിട്ടും വീഴ്ച വരുത്തിയ 22 വ്യക്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍, 12,312 ആരോഗ്യപ്രവര്‍ത്തകര്‍ 2,254 സംഘങ്ങളായാണ് 29ന് പരിശോധന നടത്തിയത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, അഡിഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, നോഡല്‍ ഓഫീസര്‍ പി.കെ. രാജു എന്നിവരുടെ മേല്‍നോട്ടത്തിലാണ് റെയ്ഡുകള്‍ ശക്തമാക്കിയിട്ടുള്ളത്. ജൂലൈ 9, 14 തീയതികളിലും സംസ്ഥാനവ്യാപകമായി റെയ്ഡുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ എല്ലാവരുടെയും സമ്പൂര്‍ണ്ണ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Discussion about this post