ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ ആദ്യ നാലു റാങ്കുകളും വനിതകള്‍ക്കാണ്. ഭിന്നശേഷിയെ വെല്ലുവിളിച്ചുകൊണ്ടു വിജയിച്ച ഇറ സിംഗാളിനാണ് ഒന്നാം റാങ്ക്. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ കസ്റ്റംസില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് 29കാരിയായ ഡല്‍ഹി സ്വദേശി ഇറ. ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിനാണ് രണ്ടാം റാങ്ക്. കസ്റ്റംസില്‍ അസിസ്റ്റന്റ് കമ്മീഷണറായ നിഥി ഗുപ്ത, വന്ദന റാവു എന്നിവര്‍ക്കാണു മൂന്നും നാലും റാങ്കുകള്‍. അഞ്ചാം റാങ്ക് നേടിയ സുഹര്‍ഷ ഭഗത്താണു പുരുഷന്‍മാരില്‍ ഒന്നാമന്‍. ഉന്നതവിജയം നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) തുടങ്ങിയ കേന്ദ്ര സര്‍വീസുകളിലേക്ക് 1,236 പേരെയാണു യുപിഎസ്‌സി തെരഞ്ഞെടുത്തത്. ജനറല്‍ വിഭാഗത്തില്‍ 590 പേരും മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 354 പേരും 194 പേര്‍ പട്ടികജാതിയില്‍നിന്നും 98 പേര്‍ പട്ടിക വിഭാഗത്തില്‍ നിന്നും പ്രവേശനം നേടി. ഒരു ഉദ്യോഗാര്‍ഥിയുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
ശാരീരിക വെല്ലുവിളികളെ മറികടന്നാണ് ഇറ ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിലാണു മലയാളിയായ ഡോ. രേണു ഐഎഎസ് കരസ്ഥമാക്കിയത്. ബാക്കി നാലുപേരും ഇതിനു മുന്‍പും സിവില്‍സര്‍വീസ് പരീക്ഷയില്‍ വിജയം കണ്ടവരാണ്. മറ്റു പിന്നോക്ക വിഭാഗം ഉദ്യോഗാര്‍ഥികളില്‍ ഒന്നാമതാണ് നാലാം സ്ഥാനത്തത്തെിയ വന്ദന റാവു. അഞ്ചാം സ്ഥാനക്കാരന്‍ സുഹര്‍ഷയ്ക്ക് 2011ല്‍ ഇന്ത്യന്‍ അക്കൗണ്ട് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലും 2012ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലും 2013ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലും പ്രവേശനം ലഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന പ്രാഥമിക ഘട്ട പരീക്ഷയില്‍ നാലര ലക്ഷം ഉദ്യോഗാര്‍ഥികളാണു പങ്കെടുത്തത്. ഇവരില്‍നിന്ന് 16,933 പേര്‍ ഡിസംബറില്‍ നടന്ന മെയിന്‍ പരീക്ഷയ്ക്കു യോഗ്യത നേടി. അതില്‍ ഒന്നാമതെത്തിയ 3,308 പേരുടെ അഭിമുഖ-വ്യക്തിത്വ പരീക്ഷകള്‍ ജൂണ്‍ മുപ്പതിനാണു പൂര്‍ത്തിയായത്. അഭിമുഖ പരീക്ഷ കഴിഞ്ഞു നാലു ദിവസത്തിനകം റിക്കാര്‍ഡ് വേഗത്തിലാണ് യുപിഎസ്‌സി ഫല പ്രഖ്യാപനം നടത്തിയത്.
Discussion about this post