തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ ഇരുവശവും കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും ഭീഷണിയായി നില്‍കുന്ന പാഴ്മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ റോഡുകളില്‍ ജീവന് ഭീഷണിയായി നില്‍ക്കുന്ന പാഴ്മരങ്ങളുടെയും മരച്ചില്ലകളുടെയും വിശദവിവരങ്ങള്‍ അതത് ജില്ലാ കളക്ടര്‍ക്ക് ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കും. റോഡിന് ഇരുവശവും നില്‍ക്കുന്ന പാഴ്മരങ്ങള്‍ കാറ്റത്തും മഴയത്തും മറിഞ്ഞുവീണ് അപകടം സംഭവിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അവസാനമായി കഴിഞ്ഞ ദിവസം കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുകളില്‍ കാറ്റത്തും മഴയത്തും വന്‍മരം കടപുഴകിവീണ് അഞ്ച് പിഞ്ചു വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ചിരുന്നു.
Discussion about this post