തിരുവനന്തപുരം: കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ മാസം അവസാനത്തോടെ സര്‍വീസുകള്‍ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായുള്ള അഞ്ചു പുതിയ ബസുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.
കൂടാതെ 200 ഓര്‍ഡിനറി ബസുകളും 50 ഡീലക്‌സ് ബസുകളും മൂന്നുമാസത്തിനുള്ളില്‍ നിരത്തിലിറക്കും. ബംഗളൂരു പീനിയ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് അഞ്ചു സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സേലം വഴി എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ സ്ഥലങ്ങളിലേക്കുമാണ് സര്‍വീസ് തുടങ്ങുന്നത്. കര്‍ണാടക, തെലുങ്കാന, ആന്ധ്ര, ഗോവ, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി സര്‍വീസ് നടത്തുന്നതിന് കരാര്‍ ഒപ്പുവച്ചു. ചെന്നൈ, പുതുച്ചേരി, പനാജി, മുംബൈ, പൂന, ഹൈദരാബാദ്, തിരുപ്പതി, പുട്ടപര്‍ത്തി എന്നിവിടങ്ങളിലേക്കു മൂന്നു മാസത്തിനകം സര്‍വീസുകള്‍ ആരംഭിക്കും.
ഈ സര്‍വീസുകള്‍ക്കായി 20 ലക്ഷ്വറി ബസുകള്‍ വാങ്ങും. കെഎസ്ആര്‍ടിസി ബസുകള്‍ സമയബന്ധിതമായും കൃത്യമായും ഓപ്പറേറ്റ് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി മൂന്നു മാസത്തിനുള്ളില്‍ ജിപിഎസ് സംവിധാനം നിലവില്‍ വരും.
Discussion about this post