തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കി അറിവും തൊഴിലും നേടുന്നതിനുവേണ്ടി യുളള ആദ്യ അന്താരാഷ്ട്ര സ്ഥാപനം കൊല്ലം ചവറയില്‍ ആരംഭിക്കുന്നു. കൗശല്‍ കേന്ദ്ര എന്നറിയപ്പെടുന്ന ഈ അന്താരാഷ്ട്ര സ്ഥാപനം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍-നൈപുണ്യ പരിശീലനം ഉറപ്പാക്കുന്നതിനുവേണ്ടി ലക്ഷ്യമിടുന്നതാണ്.
വിദ്യാര്‍ത്ഥികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസ്സസ്സ്‌മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് സെല്‍, ലോകത്തിലെ മികച്ച ഗ്രന്ഥശാലകളെ കോര്‍ത്തിണക്കി പുതു തലമുറയില്‍ വായനാശീലം വളര്‍ത്തിയെടുത്ത് അറിവിന്റെ പുതിയ മേഖലകള്‍ തുറക്കുന്നതിന് സൗകര്യമൊരുക്കുന്ന ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലീഷും ഇതര ഭാഷകളായ ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങിയവയില്‍ പരിശീലനം നേടുന്നതിനുമുള്ള ലാന്‍ഗ്വേജ് ലാബ്, വിവിധ മേഖലകളില്‍ അത്യാധുനിക സാങ്കേതിക പരിശീലനത്തോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉറപ്പാക്കുന്ന മള്‍ട്ടി-സ്‌കില്‍ സെന്റര്‍ എന്നിവയാണ് കൗശല്‍ കേന്ദ്രയില്‍ പ്രവര്‍ത്തനസജ്ജമാകുന്നത്.
പുത്തന്‍ തലമുറയെ തൊഴില്‍ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുവേണ്ടിയുള്ള കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് കൗശല്‍ കേന്ദ്രങ്ങള്‍ക്ക് രാജ്യവ്യാപകമായി തുടക്കം കുറിക്കുന്നത്. ഭാഷാ പരിജ്ഞാനത്തോടൊപ്പം പ്രത്യേക പരിശീലനം സിദ്ധിച്ച സാങ്കേതിക പരിജ്ഞാനവും നല്‍കുന്നതിനും കൗശല്‍ കേന്ദ്രങ്ങള്‍ മുന്‍ഗണന നല്‍കും. കേരളത്തിലെമ്പാടും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് എന്ന ലക്ഷ്യത്തോടെ യാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരള അക്കാഡമി ഓഫ് സ്‌കില്‍ എക്‌സലന്‍സിന്റെ ആഭിമുഖ്യത്തില്‍ കൗശല്‍ കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത്. അന്താരാഷ്ട്ര മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ മത്സരങ്ങളില്‍ കേരളത്തിലെ യുവാക്കളെ സജ്ജമാക്കാന്‍ കൗശല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കും. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഷോര്‍ട്ട്-ടേം സ്‌കില്‍ ട്രെയിനിംഗ്, വ്യവസായങ്ങളുമായി ബന്ധിച്ച പരിശീലന പദ്ധതികള്‍, എന്നിവയും കൗശല്‍ കേന്ദ്രയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭാഷാ പ്രാവീണ്യം നേടുന്നതിനുവേണ്ടി വിദഗ്ദ്ധരുടെ പരിശീലനമാണ് കൗശല്‍ കേന്ദ്രയില്‍ ലഭ്യമാകുക.
കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ചവറ ബസ് സ്റ്റാന്റിന് സമീപമുള്ള കരീംസ് ആര്‍ക്കേഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ തൊഴില്‍-നൈപുണ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അദ്ധ്യക്ഷത വഹിക്കും.
Discussion about this post