തിരുവനന്തപുരം: 2016 ഓടെ കേരളം ജൈവസംസ്ഥാനമാക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു. ജില്ലാതല പച്ചക്കറി കൃഷി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുംതലമുറയെ ആരോഗ്യവാന്‍മാരാക്കാനായി ജൈവകൃഷി ജനം ഏറ്റെടുത്തതായി കൃഷിമന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടു. നമുക്ക് ആവശ്യത്തിനുള്ള പച്ചക്കറി സ്വന്തം പുരയിടത്തിലോ മട്ടുപ്പാവിലോ ഉല്‍പാദിപ്പിക്കാനാവും. ഇതിനാണ് കൃഷിവകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറി പുതിയ തലമുറയെങ്കിയും ഭക്ഷിക്കുന്ന അവസ്ഥയുണ്ടാകണം. ജൈവകൃഷി താഴേത്തട്ടിലെത്തിക്കാനായി ആഗസ്റ്റില്‍ എല്ലാ പഞ്ചായത്തുകളിലും ജൈവകാര്‍ഷിക സഭ നടക്കും. സര്‍ക്കാരിന്‍േറതുള്‍പ്പെടെ തരിശായി കിടക്കുന്ന ഭൂമിയില്‍ പച്ചക്കറി ഉല്‍പാദിപ്പിക്കാനാവും. ജൈവകൃഷി വ്യാപനത്തില്‍ കുട്ടികള്‍ മികച്ച പങ്കാണ് വഹിക്കുന്നത്. ഇങ്ങനെ ഓരോ വിദ്യാലയവും സര്‍ക്കാര്‍ സ്ഥാപനവും മുന്നോട്ടുവന്നാല്‍ ഭാവിയില്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി കയറ്റിഅയക്കാവുന്ന സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനാവശ്യമായിരുന്ന പച്ചക്കറിയുടെ ഉല്‍പാദനം 22 ശതമാനമായിരുന്നത് 74 ആയി ഉയര്‍ത്താന്‍ കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍വഴി കഴിഞ്ഞതായി അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. വിഷമില്ലാത്ത പച്ചക്കറി ജനങ്ങള്‍ക്ക് ലഭിക്കാനായി അന്യസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറിവാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഉള്‍പെടെ ഏര്‍പ്പെടുത്തി. നമ്മള്‍ സ്വയംപര്യാപ്തരായാല്‍ വിഷമുക്ത പച്ചക്കറിയുടെ കാര്യത്തില്‍ ശാശ്വത പരിഹാരമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ 11 ഇനങ്ങളിലായി 33 കാര്‍ഷിക അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.
മികച്ച സ്‌കൂളിനുള്ള അവാര്‍ഡുകള്‍ യഥാക്രമം വെയിലൂര്‍ ഗവ. എച്ച്. എസ്, പൂവത്തൂര്‍ ഗവ. എച്ച്.എസ്, ചെമ്പഴന്തി എസ്.എന്‍.ജി.എച്ച്. എസ് എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള കാര്‍ഷിക അവാര്‍ഡുകള്‍ അഭിജിത്ത് ജെ.എസ് (പാറശ്ശാല), ബി. അനന്തപത്മന്‍ (പാറശ്ശാല), അലന്‍ എ. (ആലംകോട്) എന്നിവര്‍ക്ക് ലഭിച്ചു. എം. ഷെറിന്‍മണി (ചെങ്കല്‍), നാസര്‍ എ. (നെല്ലനാട്), രഘുവരന്‍ നായര്‍ (ആര്യനാട്) എന്നിവരാണ് മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം നേടിയത്. കുട്ടികള്‍ക്കുള്ള പച്ചക്കറിക്കിറ്റ് വിതരണോദ്ഘാടനം മേയര്‍ കെ. ചന്ദ്രിക നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍, കൃഷി ഡയറക്ടര്‍ ആര്‍. അജിത് കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.പ്രഭ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡോ.എന്‍.ജി. ബാലചന്ദ്രനാഥ്, ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഐറിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post