തിരുവനന്തപുരം: നായ്ക്കളുടെ ശല്യത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമഗ്രപദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ തലവന്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) പരിപാടി ഫലപ്രദമായി നടപ്പാക്കണം. പേവിഷബാധയുള്ളതും അപകടകാരികളുമായ നായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ല. എബിസി പരിപാടി നടപ്പാക്കാന്‍ അന്‍പത് കേന്ദ്രങ്ങള്‍ മൃഗസംരക്ഷണവകുപ്പ് അടിയന്തിരമായി തുടങ്ങും. ആവശ്യമായ കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രങ്ങളാരംഭിക്കാനും നടപടിയെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷമാവും പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുക. ക്രമേണ 500 കേന്ദ്രങ്ങള്‍ വരെ സംസ്ഥാനത്തുടനീളം തുടങ്ങണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരുവുനായ് ശല്യം തടയുന്നതിന് കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകള്‍ തയ്യാറാക്കി നടപ്പാക്കി വരുന്ന പദ്ധതിയുടെ മാതൃക മറ്റു ജില്ലകള്‍ക്ക് കൈമാറും. ഇതില്‍ നിന്ന് ഫലപ്രദവും അനുയോജ്യവുമെന്നു തോന്നുന്നവ ഉള്‍ക്കൊള്ളിച്ച് മറ്റിടങ്ങളിലെ ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാം. നായ്ക്കള്‍ക്കുള്ള വാക്‌സിനുകളുടെയും മറ്റ് മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തും. എല്ലായിടത്തും മൃഗഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ആവശ്യമെങ്കില്‍ താല്ക്കാലികാടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post