തിരുവനന്തപുരം: കര്‍ക്കടകവാവിന്, ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ആഗസ്റ്റ് 14 ന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള തിരുവല്ലം, ശംഖുമുഖം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ, തിരുനെല്ലി, കഠിനംകുളം, അരുവിപ്പുറം, അരുവിക്കര മുതലായ ക്ഷേത്രങ്ങളിലും ഇതനുസരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, ടൂറിസം വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനം ഉറപ്പുവരുത്തും. ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി ഓരോ ക്ഷേത്രത്തിലും ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതിനായി ആവശ്യമുള്ളിടങ്ങളില്‍ പമ്പ്‌സെറ്റുകള്‍ സജ്ജമാക്കും. തിരുവല്ലത്ത് ഒരുലക്ഷം ലിറ്റര്‍ ജലം, സംഭരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്ര ഗോപുരം മുതല്‍ ബലിക്കടവ് വരെയുള്ള റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കും. ടിക്കറ്റ് കൗണ്ടറുകളിലും ബലിമണ്ഡപങ്ങളിലും ആവശ്യമായ ബാരിക്കേഡുകള്‍ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രപരിസരവും ബലിക്കടവുകളുമെല്ലാം വൃത്തിയാക്കും.
താത്ക്കാലിക പന്തലുകള്‍, നെടുംപുരകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, വഴിപാട് കൗണ്ടറുകള്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഇല്യൂമിനേഷന്‍ മുതലായവ ആവശ്യമുള്ളിടങ്ങളില്‍ ക്രമീകരിക്കും. തിരുവല്ലം ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ഒന്നര ഏക്കറോളം സ്ഥലത്ത് (ലങ്ക) ബലിതര്‍പ്പണത്തിനും പാര്‍ക്കിങ്ങിനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണം കഴിഞ്ഞ് തിരികെപ്പോകുന്നവര്‍ക്കായി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത്, തോടിനു കുറുകെ താത്ക്കാലിക പാലം സ്ഥാപിക്കും. ഇറിഗേഷന്‍ വകുപ്പ് ബലിക്കടവുകളിലെ ചെളി നീക്കം ചെയ്യും. ബലിതര്‍പ്പണത്തിനുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി വിതരണം ചെയ്യും. ആലുവയിലും ശംഖുമുഖത്തും നാവികസേനാ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം അധിക ബസ് സര്‍വ്വീസുകള്‍ നടത്തും. തിരുവല്ലം, കഠിനംകുളം, ശംഖുമുഖം, അരുവിക്കര കടവ് – ധര്‍മ്മശാസ്താ ക്ഷേത്രം, മാറനല്ലൂര്‍, വര്‍ക്കല, തിരുമുല്ലവാരം (കൊല്ലം), പെരുമ്പാവൂര്‍, ചേലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമുകളും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളും തുറക്കും.
യോഗത്തില്‍ ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി.എച്ച് വെങ്കിടേഷ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി കെ.സി. വിജയകുമാര്‍, ചീഫ് എഞ്ചിനിയര്‍ ശങ്കരന്‍പോറ്റി, കൗണ്‍സിലര്‍ എ.ജി. കൃഷ്ണവേണി, മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post