തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യത്തെ കടാവര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉടന്‍ ആരംഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.
ട്രാന്‍സ്പ്ലാന്റ് ബയോളജിസ്റ്റുകള്‍, സര്‍ജന്മാര്‍, അനസ്‌തേഷ്യോളജിസ്റ്റുകള്‍, പാത്തോളജിസ്റ്റ്, നഴ്‌സിംഗ്- പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ മുതലായവരെ ഉള്‍പ്പെടുത്തിയ വിപുലമായ സംവിധാനമാണ് യൂണിറ്റില്‍ ഏര്‍പ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പൊള്ളല്‍ ചികിത്സാതീവ്രപരിചരണവിഭാഗം, ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്റ്, പൊതു പാചകസംവിധാനം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരുകോടി രൂപ ചെലവില്‍ സ്ഥാപിച്ച പൊള്ളല്‍ചികിത്സാ തീവ്രപരിചരണവിഭാഗത്തില്‍ പത്ത് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ച് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍, പൊള്ളല്‍ ചികിത്സാസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ചുവരുന്ന ഐസിയുകളില്‍ ആദ്യത്തേതാണ് ഇത്. പൊള്ളലേറ്റ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഇനിമുതല്‍ ഇവിടെ ലഭ്യമാകും. ഇതോടനുബന്ധിച്ച് ഓപ്പറേഷന്‍ തീയറ്ററും പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്രപരിചരണവിഭാഗങ്ങള്‍ അത്യാഹിതവിഭാഗം, ആശുപത്രി വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക്, ഓക്‌സിജന്‍ വിതരണം അനുസ്യൂതം തുടരുന്നതിനുള്ള ആധുനിക സംവിധാനമാണ് ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്റ്. കേരളത്തിന്റെ പൊതുമേഖലയില്‍ ഇത്തരമൊരു പ്ലാന്റ് ആദ്യമാണ്. പൊതു പാചകസംവിധാനം നിലവില്‍ വരുന്നതോടെ, മെഡിക്കല്‍ കോളേജ്, എസ്.എ.ടി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യകരമായ ഭക്ഷണം സൗജന്യമായി ലഭ്യമാകും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനോട് ചേര്‍ന്ന കെട്ടിടത്തില്‍, 1.5 കോടി രൂപ ചെലവില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടി സ്ഥാപിച്ച ഭക്ഷണശാലയില്‍നിന്നും, ഒരേസമയം നാലായിരത്തോളംപേര്‍ക്ക് ഭക്ഷണം നല്‍കാനാകും.
എസ്.എ.ടി. ആശുപത്രിയില്‍ അടഞ്ഞുകിടക്കുന്ന കാന്റീന്‍കൂടി ഭക്ഷണം വിതരണംചെയ്യുന്ന ആവശ്യത്തിനായി വിനിയോഗിക്കും. പുതിയ ഒപി ബ്ലോക്കിലെ ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുവേണ്ടി 40 ലക്ഷം രൂപ ചെലവില്‍ അടുക്കളയോടുകൂടിയ മറ്റൊരു ഭക്ഷണശാലയുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. മേല്‍പ്പറഞ്ഞ മൂന്ന് പദ്ധതികളുടെയും നിര്‍മ്മാണം എച്ച്എല്‍എല്‍ ലൈഫ് കെയറാണ് നിര്‍വഹിച്ചത്. മെഡിക്കല്‍ കോളേജില്‍ 4.5 കോടിരൂപ വിനിയോഗിച്ചുള്ള കണക്ടിംഗ് കോറിഡോറിന്റെ നിര്‍മ്മാണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന, ഏഴ് നിലകളോടുകൂടിയ മള്‍ട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്ക് ഡിസംബറിലും, എസ്.എ.ടി ആശുപത്രിയില്‍, 80 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ബ്ലോക്കിന്റെ പ്രഥമഘട്ടം, ഫെബ്രുവരിയിലും ഉദ്ഘാടനം ചെയ്യും. എം.എ. വാഹിദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, എസ്.എ.ടി സൂപ്രണ്ട് ഡോ. കെ.ഇ. എലിസബത്ത്, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്തിലാജനം, കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, എച്ച്.എല്‍.എല്‍. പ്രതിനിധി മോഹന്‍കുമാര്‍, ഡോ. സഹദുള്ള, ഡോ. ബീനാപോള്‍, ഡോ. ജോയമ്മ വര്‍ക്കി, ഡോ. എല്‍. നിര്‍മല, ഉള്ളൂര്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post