തിരുവനന്തപുരം: നിയമസഭാ ചോദ്യോത്തര പ്രവര്‍ത്തനങ്ങളുടെ കംപ്യൂട്ടര്‍വത്കരണത്തിന്റെ ഉദ്ഘാടനം നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ തയ്യാറാക്കിയ LAIS (ലെജിസ്ലേറ്റീവ് അസംബ്ലി ഇന്റര്‍പെലേഷന്‍ സിസ്റ്റം) സോഫ്ട്‌വെയര്‍ ഉപയോഗിച്ചുള്ള ഈ ഓണ്‍ലൈന്‍ സംവിധാനം നിയമസഭയില്‍ സാമാജികര്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്കായുള്ള നോട്ടീസുകളുടെ നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനുള്ളതാണ്.
നമ്മുടെ നിയമസഭയും കാലത്തിനൊത്ത് മുന്നോട്ടുപോകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കംപ്യൂട്ടര്‍വത്കരണത്തിന്റെ പ്രയോജനം പൂര്‍ണമായും പ്രയോജനപ്പെടുന്നതില്‍ നിയമസഭയും പിന്നിലല്ലെന്ന് ഇതുവഴി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള നിയമസഭ ഇന്ത്യയിലെ മൂന്നാമത്തെ കടലാസുരഹിത നിയമസഭയായി മാറാന്‍ പോകുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. അതിനായി കേന്ദ്ര സഹായം തേടുകയാണ്. ഹിമാചല്‍ പ്രദേശും പഞ്ചാബുമാണ് മറ്റുരണ്ട് സംസ്ഥാനങ്ങള്‍.
നിയമസഭയുടെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ ശതോത്തര രജതജൂബിലി സ്മരണിക പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രകാശനം ചെയ്തു. മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ സ്മരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ഓര്‍മ്മകളില്‍ ജി.കെ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിച്ചു.
നിയമസഭാ സെക്രട്ടറി പി.ഡി.ശാരങ്ഗധരന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ടി.മോഹന്‍ദാസ്, നിയമസഭാ അഡീഷല്‍ സെക്രട്ടറി കെ.മുരളീധരന്‍ നായര്‍ എന്നിവരും പ്രസംഗിച്ചു.
Discussion about this post