നാഗ്പുര്‍: മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായി (86) അന്തരിച്ചു. ബിഹാര്‍ ഗവര്‍ണര്‍ പദവിയും വഹിച്ച അദ്ദേഹം ഇന്നലെ ഉച്ചയോടെ നാഗ്പുരിലെ സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ചിലെ ജഡ്ജി ഭൂഷണ്‍ ഗവായി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവ് രാജേന്ദ്ര ഗവായി എന്നിവരാണു മക്കള്‍. അന്ത്യസമയത്തു ഭാര്യ കമല്‍ സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്നു ജന്മഗ്രാമമായ അമരാവതിയിലെ ദ്രയാപുരില്‍ നടത്തും. നാഗ്പൂരിലെ വസതിയിലും തുടര്‍ന്ന് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയിലും പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്ഥാന ബഹുമതികളോടെയാവും സംസ്‌കാരം.
1929 ഒക്ടോബര്‍ 30നായിരുന്നു ജനനം. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി 1964 മുതല്‍ 1994 വരെ പ്രവര്‍ത്തിച്ചു. കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, ചെയര്‍മാന്‍, പ്രതിപക്ഷനേതാവ് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. 1998ല്‍ അമരാവതിയില്‍നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനായ ഗവായി രണ്ടു വര്‍ഷത്തിനുശേഷം കേരള ഗവര്‍ണര്‍ പദവിയിലെത്തി. 2011 ഓഗസ്റ്റ് വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രിയും ഇപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതു ഗവായി ആയിരുന്നു. തീരുമാനം കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയും ചെയ്തു.
ദളിത് ഐക്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന ഗവായി ഈ രംഗത്തെ വിവിധ സംഘടനകളെ ഒന്നിപ്പിക്കുന്നതിനും പ്രവര്‍ത്തിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചിച്ചു.
Discussion about this post