ഷില്ലോംഗ്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം (83) അന്തരിച്ചു. ഷില്ലോംഗിലെ ബദാനി ആശുപത്രിയിലായിരുന്നു അന്ത്യം. ഷില്ലോംഗില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍(ഐഐഎം) നടന്ന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരം 6.52 നായിരുന്നു സംഭവം. പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ. അബ്ദുള്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. കെ.ആര്‍.നാരായണനു ശേഷം 2002 ലാണ് രാഷ്ട്രപതിയായി കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. 2007 വരെ ഇന്ത്യയുടെ പ്രഥമപൗരന്റെ സ്ഥാനം അലങ്കരിച്ച അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു.
1931 ഒക്‌ടോബര്‍ 15 നു തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഇടത്തരം മുസ്‌ലിം കുടുംബത്തില്‍ ജൈനലാബ്ദീന്റെയും, ആഷിയമ്മയുടെയും മകനായാണു കലാം ജനിച്ചത്. രാമനാഥപുരത്തെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രാഥമികപഠനത്തിനു ശേഷം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954 ല്‍ കലാം, ഈ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. അഗ്നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു. ഭാരതരത്‌ന, പദ്മ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ബഹിരാകാശ പ്രതിരോധ ഗവേഷണ കേന്ദ്രങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്നു. രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. ബഹിരാകാശ ഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
Discussion about this post