പത്തനംതിട്ട: പുല്ലുമേടു ദുരന്തത്തില്‍ മരിച്ചവരുടെ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരുടെയും സംഭവസ്‌ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി തുടങ്ങി. ദുരന്തത്തില്‍ പരുക്കേറ്റ അന്യസംസ്‌ഥാനക്കാരുടെ മൊഴിയെടുക്കുന്നതിനായി പ്രത്യേകസംഘങ്ങള്‍ വിവിധ സംസ്‌ഥാനങ്ങളിലേക്ക് തിരിച്ചു. 52 ഡോക്‌ടര്‍മാരാണ് പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. ഒരു എസ്‌ഐ നേതൃത്വത്തിലുളള സംഘത്തെയാണ് ഇവരുടെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണസംഘം ഡോക്‌ടര്‍മാരുടെ ജോലി സ്‌ഥാലത്ത് എത്തി മൊഴി രേഖപ്പെടുത്തും. ജില്ലയില്‍ സേവനം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്‌ഥരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ദുരന്തം ഉണ്ടായ ദിവസം പുല്ലുമേട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കുമളിയിലെ പൊതുമരാമത്ത് ഗസ്‌റ്റ് ഹൗസില്‍ വിളിച്ചാണ് മൊഴിയെടുക്കുന്നത്. പുല്ലുമേട്ടില്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ഡി.വിജയന്‍ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്‌ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി കഴിഞ്ഞു.
സംഭവ സ്‌ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കിന്റെ ഉടമസ്‌ഥനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post