തിരുവനന്തപുരം: കേരളത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിയുടെ പ്രവര്‍ത്തന ശൈലിയും അതിലൂടെയുള്ള മുന്നേറ്റവും പ്രശംസനീയമാണെന്നും ഇവ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നും കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ തയാറാക്കിയ നവ ഇ-സാക്ഷരര്‍ക്കുള്ള കൈപ്പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌മാര്‍ട്ട് ഫോണില്‍ അധിഷ്‌ഠിതമായ വിവര സാങ്കേതിക വിദ്യയിലൂടെയുള്ള അറിവ് സമൂഹത്തിലെ എല്ലാവര്‍ക്കും അനായാസേന ലഭ്യമാക്കുന്നതിന് ഭാരതത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളേയും യോജിപ്പിക്കുന്ന ഒപ്‌റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കും, വൈ ഫൈ കണക്‌ടിവിറ്റിയും വരുന്ന അഞ്ച് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഗുണഫലങ്ങള്‍ സാമാന്യ ജനങ്ങളിലെത്താന്‍ ജനങ്ങള്‍ ഇ-സാക്ഷരരാകേണ്ടിയിരിക്കുന്നുവെന്നും ഈ വഴിക്ക് കേരളത്തില്‍ തുടങ്ങിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതി ഒന്നാംഘട്ടം നടപ്പാക്കുന്ന കേരളത്തിലെ 14 ജില്ലകളിലെ 100 പഞ്ചായത്തുകളില്‍ ഈ വര്‍ഷംതന്നെ വൈ ഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം വ്യാപകമാക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും താല്‍പര്യം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post