ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിഷേധങ്ങളുടെ പേരില്‍ കേരളത്തില്‍നിന്നുള്ള നാലു പേരുള്‍പ്പെടെ 25 കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് ലോക്സഭയില്‍ നിന്ന് അഞ്ചു ദിവ സത്തേക്കു സസ്പെന്‍ഡ് ചെയ്തു. കേരള എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്, എം. കെ. രാഘവന് എന്നിവരാണ് ഈയാഴ്ച മുഴുവന്‍ സസ്പെന്‍ഷനിലായത്.
സഭയുടെ ചരിത്രത്തില്‍ ആദ്യമായി 25 പ്രതിപക്ഷാംഗങ്ങളെ ഒരുമിച്ചു പുറത്താക്കിയ സ്പീക്കറുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് അഞ്ചു ദിവസത്തേക്കു ലോക്സഭാ നടപടികള്‍ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. കോണ്‍ഗ്രസിനോട് അനുഭാവം പ്രകടിപ്പിച്ചു സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, സിപിഐ എന്നീ പാര്‍ട്ടികളും സഭാനടപടികള്‍ ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, ആര്‍എസ്പി-ബി തുടങ്ങിയ സഖ്യപാര്‍ട്ടികളും സഭ ബഹിഷ്കരിക്കും.
Discussion about this post