തിരുവനന്തപുരം: വികസന പദ്ധതികള്‍ ജനപങ്കാളിത്തോടെ മാത്രമേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുട്ടത്തറയില്‍ സ്വീവേജ് പദ്ധതികളുടെ ശിലാസ്ഥാപനം സംഗമം നഗറില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖ പദ്ധതി 25 വര്‍ഷം വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ നാല് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും രണ്ട്‌വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. ജനകീയ സഹകരണത്തോടെ വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. കേരളത്തിന്റെ അതിര്‍ത്തിവരെ നീളുന്ന 240 കോടി രൂപയുടെ ബൈപ്പാസ് പദ്ധതിക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ഇതും സമയബന്ധിതമായി തുടങ്ങും. ചേര്‍ത്തല-കഴക്കൂട്ടം റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം ഉള്‍പ്പെടെ സമഗ്ര പദ്ധതികളോടെ തലസ്ഥാനനഗരം വികസിത നഗര മാതൃകയിലേക്ക് മാറുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
സ്വീവേജ് രംഗത്ത് നിലവിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ 52.5 കോടി രൂപയുടെയും 12.55 കോടി രൂപയുടെയും രണ്ട് പദ്ധതികളാണ് ഈ പ്രദേശത്ത് നടപ്പാക്കുന്നത്. മുട്ടത്തറ പ്രദേശത്ത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതം മുഖ്യമന്ത്രി തന്നെ നേരിട്ട് വന്ന് കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചര ഏക്കര്‍ സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് ഉടന്‍ നടപ്പാക്കും. ഔഷധിയുടെ ഒരു നിര്‍മ്മാണശാലയും മുട്ടത്തറയില്‍ ആരംഭിക്കുകയാണ്. ആറ് മാസംകൊണ്ട് ഇത് പൂര്‍ത്തിയാക്കും. ആയൂര്‍വേദ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ഫാക്ടറി വരുന്നതോടെ നിരവധി പ്രദേശവാസികള്‍ക്ക് തൊഴിലും പ്രദേശത്തിന്റെ വികസനവും സാധ്യമാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Discussion about this post