മുംബൈ: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനു ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് സഹോദരന്‍ ടൈഗര്‍ മേമന്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി രഹസ്യന്വേഷണവിഭാഗം. മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയായ ടൈഗര്‍ മേമന്‍ ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഒളിവിലാണ്. സഹോദരനെ തൂക്കിയിലേറ്റിയവരോടു പകരം വീട്ടുമെന്നു സംഭാഷണമധ്യേ ടൈഗര്‍ പറഞ്ഞു. വിധി നടപ്പിലാക്കിയ ജൂലൈ 30നു പുലര്‍ച്ചെ 5.30നാണു ടൈഗര്‍ വീട്ടിലേക്കു വിളിച്ചത്. ഇന്റര്‍നെറ്റ് ഫോണില്‍നിന്നു വിളിച്ച ടൈഗര്‍ അമ്മ ഹനീഫയോടു മൂന്നു മിനിറ്റോളം സംസാരിച്ചിരുന്നു. അതേസമയം ടൈഗറിനോടു ആക്രമത്തിന്റെ പാത അവസാനിപ്പിക്കാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നു. ‘അവസാനിപ്പിക്കു ഇത്, ആദ്യ സംഭവത്തിലൂടെ എനിക്കു യാക്കൂബിനെ നഷ്ടമായി. ഇനി ഒരാള്‍ക്കൂടി മരിക്കുന്നത് എനിക്കു താങ്ങാനാവില്ല’. പിന്നീട് മറ്റൊരു കുടുംബാംഗത്തിനു ഹനീഫ ഫോണ്‍ കൈമാറി. സഹോദരന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്നു അവരോടും ടൈഗര്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു.
ഇന്റര്‍നെറ്റ് ഫോണിലൂടെയായതിനാല്‍ ടൈഗര്‍ എവിടെനിന്നാണു വിളിച്ചതെന്നു വ്യക്തമല്ല. 1993 മാര്‍ച്ച് 12-നാണു മുംബൈ നഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 13 സ്‌ഫോടനങ്ങളില്‍ 257 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.
Discussion about this post