തിരുവനന്തപുരം: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. സപ്ലൈകോ ഓണം മെട്രോ പീപ്പിള്‍സ് ബസാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
അത്തരത്തില്‍ പിടിക്കപ്പെടുന്നവരുടെ കേസുകള്‍ അവശ്യസാധന നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. അവര്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളില്‍ പലതിന്റെയും വില കുറച്ചുകൊണ്ടാണ് സ്‌പ്ലൈകോ വിപണിയില്‍ ഇടപെടുന്നത്. കുറക്കുന്ന വില അതേപടി തുടര്‍ന്നും നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണക്കാര്‍ക്ക് ആശ്വാസകരമായ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുവെന്നതിനാല്‍ വിപണിയിലെ വില നിയന്ത്രണം വലിയ വെല്ലുവിളിയാണ്. സബ്‌സിഡി ഇനത്തില്‍ വന്‍തുക ചെലവിട്ടും സാധനവില സര്‍ക്കാര്‍ ഫലപ്രദമായി നിയന്ത്രിക്കുകയാണ് ഗുണനിലവാരം ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാണ്. പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിലും മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്തുന്നുണ്ട്. ഹാനികരമായ വസ്തുക്കള്‍ സപ്ലൈകോവഴി വില്‍ക്കുന്നില്ലെന്ന് ഇത്തരത്തില്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post