നാസിസസക്/മുംബൈ: നാസിക്കിലെ മന്‍മാഡില്‍ അഡീഷനല്‍ ജില്ലാ കളക്‌ടര്‍ യശ്വന്ത് സോനാവണെയെ വധിച്ചതില്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്രയിലെ ഗസ്‌റ്റഡ് ഓഫിസര്‍മാര്‍ സമരത്തില്‍. അക്രമികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് എണ്‍പതിനായിരത്തോളം വരുന്ന ഓഫിസര്‍മാര്‍ സമരം ആരംഭിച്ചത്. കൊലപാതകത്തിനു പിന്നില്‍ സംസ്‌ഥാനത്തെ മണ്ണെണ്ണ മാഫിയയാണെന്ന ആരോപണമുണ്ട്. അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്‌റ്റു ചെയ്‌തതായി നാസിക് എസ്‌പി മിലിന്ദ് ഭരാംബെ അറിയിച്ചു. മുഖ്യപ്രതിയെന്നു സംശയിക്കപ്പെടുന്ന പൊപ്പട്ട് ഷിന്‍ഡേ അടക്കം നാലു പേരെ നേരത്തെ അറസ്‌റ്റു ചെയ്‌തിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സോനാവണെയുടെ കുടുംബവും ബിജെപിയും ആവശ്യപ്പെട്ടു. മന്‍മാഡില്‍ ശിവസേനയുടെ ആഹ്വാനത്തില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്.
മണ്ണെണ്ണ തിരിമറിയുമായി ബന്ധപ്പെട്ട് പൊപ്പട്ട് ഷിന്‍ഡേ അടക്കമുള്ളവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിച്ചതാണ് സോനാവണെയുടെ വധത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിനിടെ പൊള്ളലേറ്റ ഷിന്‍ഡേ മുംബൈയിലെ ജെജെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ പങ്കാളിത്തമുള്ളവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, സംസ്‌ഥാനത്തെ മണ്ണെണ്ണ മാഫിയയക്കെതിരെ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഇരുന്നൂറോളം ഇടങ്ങളില്‍ റെയ്‌ഡ് നടത്തിയ വിജിലന്‍സ് സംഘം 180 ഓളം പേര്‍ക്കെതിരെ കേസെടുത്തു.
Discussion about this post