തിരുവനന്തപുരം: പിജി വിദ്യാര്‍ഥികളുടെ സമരത്തിനു പിന്നാലെ ഹൗസ് സര്‍ജന്‍മാരും സമരം പ്രഖ്യാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്‌തംഭിക്കുന്ന അവസ്‌ഥയിലാണ്. വിവിധ മെഡിക്കല്‍ കോളജുകളിലായി 1700 ഓളം പിജി വിദ്യാര്‍ഥികളാണ് സമരം ചെയ്യുന്നത്.
അത്യാഹിത വിഭാഗത്തെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെയും സമരം ബാധിച്ചിട്ടില്ലെങ്കിലും ഒപി വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ മറ്റ് വിഭാഗങ്ങളിലേക്കു കൂടി സമരം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എഴുന്നൂറോളം ഹൗസ് സര്‍ജന്‍മാരാണ് ഇന്നുമുതല്‍ സമരത്തില്‍ അണിചേരുന്നത്. സമരം ശക്‌തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശസ്‌ത്രക്രിയകള്‍ മാറ്റി വച്ചിരുന്നു. ഇന്നലെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സമരത്തില്‍ തുടരാന്‍ പിജി വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു. കേരള മെഡിക്കല്‍ പോസ്‌റ്റു ഗ്രാജുവേറ്റ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.
സമരം തുടര്‍ന്നാല്‍ നേരിടാനുളള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.കെ. ശ്രീമതി വ്യക്‌തമാക്കിയിട്ടുണ്ട്. രോഗികളോട് യുദ്ധം പ്രഖ്യാപിക്കാനുള്ള സാഹചര്യം നിലവില്‍ ഡോക്‌ടര്‍മാര്‍ക്കില്ല. പിജി ഡോക്‌ടര്‍മാരുടെ സ്‌റ്റൈപന്‍ഡ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ധനവകുപ്പിന് നല്‍കി. എന്നാല്‍ ബജറ്റ് തയ്യാറാക്കാനുള്ള തിരക്കിലായതിനാല്‍ ധനവകുപ്പ് സാവകാശം തേടിയിരിക്കുയാണ്. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന തന്റെ ഉറപ്പ് സമരക്കാര്‍ മാനിച്ചില്ലെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ 200 ഹൗസ് സര്‍ജന്‍മാര്‍ വീതവും മറ്റിടങ്ങളില്‍ നൂറ് ഹൗസ് സര്‍ജന്‍മാര്‍ വീതവുമാണുള്ളത്. അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ഡ്യൂട്ടി സമയത്തില്‍ കൃത്യത വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹൗസ് സര്‍ജന്‍മാരുടെ സമരം. പിജി വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് 36,000 ത്തില്‍ നിന്നും 46,000 രൂപയാക്കിയത് പിന്‍വലിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്.
Discussion about this post