തിരുവനന്തപുരം: കല്‍പ്പവൃക്ഷമായ തെങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരം തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കയര്‍ പിരിക്കുന്നതിന് സാങ്കേതിക വിദ്യ കൊണ്ടുവന്നപ്പോള്‍ പുറംതിരിഞ്ഞ് നിന്നതിലൂടെ നാം അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇതര സംസ്ഥാനങ്ങള്‍ തെങ്ങില്‍ നിന്നും ഇന്ന് ഒട്ടനവധി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു. ശ്രമിച്ചാല്‍ നമുക്കും നഷ്ടപ്പെട്ട അവസരങ്ങള്‍ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിച്ച ട്രാവന്‍കൂര്‍ കയര്‍ കോംപ്ലക്സിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിന്‍ഫ്ര പാര്‍ക്കിലെ കയര്‍ ഫാക്ടറി മോചനത്തിന്‍റെ പ്രകടമായ ഉദാഹരണമാണ്. ഫാക്ടറിയുടെ വിജയം നിരവധി സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരണ നല്‍കും. നാളികേരം എല്ലാമായിരുന്നുവെന്ന് ഒരുകാലത്ത് നാം അവകാശപ്പെട്ടിരുന്നു. യന്ത്രവത്ക്കരണത്തിനെതിരെ മുഖംതിരിച്ചുനിന്നതിനാല്‍ നമ്മുടെ കുറ്റംകൊണ്ട് അനവധി അവസരങ്ങളാണ് കൈമോശം വന്നത്. കേര കൃഷിയില്‍ ഇനിയും വിജയം നേടാന്‍ കഴിയുമെന്നതിന് മറ്റൊരു ഉദാഹരണമാണ് നീര ഉത്പാദനം. നീര ഉത്പാദനത്തിലും തുടക്കത്തില്‍ ഒട്ടനവധി തടസങ്ങള്‍ നേരിടേണ്ടിവന്നു. ഒരു തെങ്ങില്‍ നിന്ന് ഒരുമാസം നീരയിലൂടെ പരമാവധി 3000 രൂപയും ഏറ്റവും കുറഞ്ഞത് 1500 രൂപയും നേടാന്‍ കഴിയും. പരിശ്രമിച്ചാല്‍ കേര കൃഷിയിലൂടെ ഇനിയും നിരവധി നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയും. കയര്‍ തൊഴിലാളികള്‍ക്ക് പരമാവധി സഹായം എത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രാവന്‍കൂര്‍ കയര്‍ കോംപ്ലക്സില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി ഓര്‍ഡറിന്‍റെ അഡ്വാന്‍സ് തുകയായി 25 ലക്ഷം രൂപയുടെ ചെക്ക് ഇറ്റാലിയന്‍ കമ്പനിയായ ജിയാക്കൊമിനി ആന്‍റ് ഗംബറോവയുടെ പ്രതിനിധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.
Discussion about this post