തിരുവനന്തപുരം: കേരളാ പോലീസിന്റെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാറനല്ലൂര്‍ പോലീസ് സ്‌റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് ഏറ്റവുമധികം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. സേനാംഗങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളാ പോലീസിനെ ശക്തിപ്പെടുത്തി ആഭ്യന്തരസുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകും. എല്ലാ പോലീസ് സ്‌റ്റേഷനുകളും ജനസൗഹൃദ സ്‌റ്റേഷനുകളാകണമെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. മലയിന്‍കീഴ് കേന്ദ്രമാക്കി പുതിയ പോലീസ് സര്‍ക്കിള്‍ ഓഫീസ് രൂപീകരിക്കാന്‍ തീരുമാനമായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. സെപ്റ്റംബര്‍ നാലിന് ഇതിന്റെ ഉദ്ഘാടനം നടക്കും. കാട്ടാക്കട കേന്ദ്രമാക്കി പുതിയ ഡി.വൈ.എസ്.പി ഓഫീസ് തുടങ്ങാനുള്ള പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 200 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ജലസേചന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിനായി ടെണ്ടര്‍ ചെയ്തുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഭാസുരാംഗന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍, തദ്ദേശസ്ഥാപനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 49 ലക്ഷം രൂപയാണ് മന്ദിരനിര്‍മ്മാണത്തിനായി ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വാങ്ങി പോലീസിന് കൈമാറിയ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്ഥലത്താണ് പോലീസ് സ്‌റ്റേഷനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്.












