തിരുവനന്തപുരം: മാര്‍ച്ച് 12 മുതല്‍ 18 വരെ നടക്കുന്ന കരിക്കകം ചാമുണ്ഡീ ക്ഷേത്ര ഉല്‍സവവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നു മന്ത്രി എം. വിജയകുമാര്‍ നിര്‍ദേശിച്ചു.ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചു വിവിധ വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കൗണ്‍സിലര്‍മാരായ അജിത്‌കുമാര്‍, ഗോപകുമാര്‍, സുരേഷ്‌കുമാര്‍, ശാന്തിനി, ബി. ശ്രുതി, ലതാ മങ്കേഷ്‌കര്‍, ക്ഷേത്ര ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലാണു മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
മാര്‍ച്ച് ഒന്നിനു മുന്‍പു ക്ഷേത്ര പരിസരത്തുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്‌തു തീര്‍ക്കുമെന്നു കോര്‍പറേഷനും പിഡബ്‌ള്യുഡിയും ഉറപ്പു നല്‍കി. ആവശ്യമായ കുടിവെള്ളം കോര്‍പറേഷനും വാട്ടര്‍ അതോറിട്ടിയും ചേര്‍ന്നു ലഭ്യമാക്കും. കാര്യക്ഷമമായ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ട്രാഫിക് പൊലീസിന്റെയും വനിതാ പൊലീസിന്റെയും എണ്ണം വര്‍ധിപ്പിക്കും. ആരോഗ്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു കോര്‍പറേഷന്‍ മേല്‍നോട്ടം വഹിക്കും.ക്ഷേത്ര പരിസരത്തു സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ഓഫിസ് ആരംഭിച്ച് കെഎസ്‌ആര്‍ടിസിയുടെ സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നു കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്‌ടര്‍ യോഗത്തെ അറിയിച്ചു. മാര്‍ച്ച് 17, 18 തീയതികളില്‍ കൊച്ചുവേളി റയില്‍വേ സ്‌റ്റേഷനില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്‌റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കി. ഉല്‍സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള എല്ലാ സ്‌ഥലങ്ങളിലും തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനു നഗരസഭയുടെ സഹകരണത്തോടെ കെഎസ്‌ഇബി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ കോര്‍പറേഷന്‍, വാട്ടര്‍ അതോറിറ്റി, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, പൊതുമരാമത്തു വകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
Discussion about this post