ന്യൂഡല്‍ഹി: ഐപിഎല്‍ കേസില്‍ എസ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയ പട്യാല ഹൗസ് കോടതി വിധിക്കെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശ്രീശാന്തിനു പുറമേ, രാജസ്ഥാന്‍ റോയല്‍സ് മുന്‍ താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുള്‍പ്പെടെ 36 പേര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കീഴ്‌ക്കോടതി വിധി അന്യായമാണെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ ഹൈക്കോടതിയെ സമീപിച്ചത്.
കീഴ്‌ക്കോടതിയില്‍ നിന്നുള്ള തിരിച്ചടി വകവയ്ക്കാതെ കേസില്‍ ശക്തമായി മുന്നോട്ടു നീങ്ങാന്‍ ഉറച്ചുള്ള നീക്കമാണു പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അപ്പീല്‍ നല്‍കുന്നതിന്റെ സാധ്യതകള്‍ സംബന്ധിച്ച് ഉന്നത നിയമവൃത്തങ്ങള്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തി. ശ്രീശാന്തിനും കൂട്ടര്‍ക്കുമെതിരെ കേസെടുക്കാന്‍ ആവശ്യത്തിനു തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണു സ്‌പെഷല്‍ സെല്ലിന്റെ വാദം. വാതുവയ്പുകാരുമായി താരങ്ങള്‍ ബന്ധപ്പെട്ടതാണു മുഖ്യ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒത്തുകളിക്കുള്ള പ്രതിഫലമായി വാതുവയ്പുകാരില്‍ നിന്നു താരങ്ങള്‍ക്കു ലഭിച്ച സമ്മാനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹൈക്കോടതിയില്‍ പൊലീസ് ഹാജരാക്കും.
എന്നാല്‍ അധോലോകവുമായി താരങ്ങള്‍ക്കു ബന്ധമുണ്ടെന്ന പൊലീസിന്റെ വാദം ഹൈക്കോടതിയില്‍ എത്രത്തോളം നിലനില്‍ക്കുമെന്ന ചോദ്യം പ്രസക്തം. ഇതുസംബന്ധിച്ചു പട്യാല ഹൗസ് കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു.
Discussion about this post