കൊച്ചി: ചവിട്ടു നാടകത്തിന്റെ സ്വന്തം ഭൂമികയായ ഗോതുരുത്തില്‍ ഇനിയും ചവിട്ടു നാടകത്തിന്റെ പടപ്പാട്ടുകള്‍ ഉയരും. മുസരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ചവിട്ടു നാടക കലാകേന്ദ്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
മുസ്‌രിസ് പൈതൃക സംരക്ഷണ പദ്ധതി ലോകശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഈ പൈതൃകം നമ്മുടെ സ്വത്താണ്. മുസ്‌രിസ് പൈതൃക പദ്ധതിയോട് വിദേശികള്‍ കാണിക്കുന്ന താല്‍പര്യം അത്ഭുതപ്പെടുത്തുന്നതാണ്. പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്കെല്ലാം പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയണം. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. തീയതി ലഭിക്കുന്നതിനനുസരിച്ച് ലോകശ്രദ്ധ നേടുന്ന വിധത്തില്‍ പരിപാടി നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജനങ്ങള്‍ കാണിക്കുന്ന താല്‍പര്യവും സഹകരണവും സര്‍ക്കാരിന് പ്രചോദനമാണെന്നും പദ്ധതി പ്രദേശത്തെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചവിട്ടുനാടക രാജാവിന്റെ കിരീടവും ചെങ്കോലും ദൂതും നല്‍കി മുഖ്യമന്ത്രിയെ കലാകാരന്മാര്‍ ആദരിച്ചു. ചവിട്ടു നാടക കലാകാരന്‍മാര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കാനും മുസരിസ് ടൂറിസത്തിന്റെ ഭാഗമായുള്ള പൈതൃക സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി വിദേശത്തുള്‍പ്പെടെ പ്രചാരമെത്തിക്കാനും ലക്ഷ്യമിട്ടാണ് ഗോതുരുത്തില്‍ ചവിട്ടു നാടക കലാകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. മുസ്‌രിസ് പദ്ധതിയുടെ രണ്ടാം ഘട്ട വികസനത്തിനായി 200 കോടി രൂപയും ഗോതുരുത്ത് ബോട്ട് ജെട്ടി നവീകരണത്തിന് 25 ലക്ഷം രൂപയും അനുവദിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു.
കോട്ടപ്പുറം രൂപത വികാരി ഫാ. ഡോ. ഡൊമിനിക് പിന്‍ഹീറോ വിശിഷ്ടാതിഥിയായി. പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ ശിവശങ്കരന്‍, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മണി ടീച്ചര്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണജ തമ്പി, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി സര്‍വന്‍, ജില്ല പഞ്ചായത്തംഗം ടി.ജി. അശോകന്‍, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പുളിക്കന്‍, ചേന്ദമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ബാബു ലോനന്‍, കിറ്റ്‌കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി. പ്രമോദ്, മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടി.വി. അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post