ന്യൂഡല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ എന്നും ആദായനികുതിയെക്കുറിച്ചല്ലാതെ മറ്റ് എന്തൊക്കെ അന്വേഷണമാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്നും അടുത്ത ബുധനാഴ്‌ചയ്‌ക്കകം വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശബാങ്കുകളിലെ കള്ളപ്പണം ആരുടെയെങ്കിലു ബിനാമികളുടെ പണമാണോ എന്നും ആയുധക്കടത്തില്‍ നിന്നോ കള്ളക്കടത്തില്‍ നിന്നോ നേടിയ പണമാണോ എന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നികുതി വിഷയം മാത്രമായി ഈ വിഷയത്തെ കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്ത് 22,80,000 കോടി രൂപ മുതല്‍ 63,84,000 കോടി രൂപ വരെ കള്ളപ്പണമുണ്ടെന്നാണ് സൂചനയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആധികാരിക കണക്ക് കൈയിലില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
Discussion about this post