തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളില്‍ വിദ്യാഭ്യാസ, വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് സംഭവത്തെ തുടര്‍ന്നാണ് കോളേജുകളുടെയും, ഹോസ്റ്റലുകളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. കോളേജുകളിലെ ജനാധിപത്യ സ്വാതന്ത്ര്യവും, സംഘടനാ സ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങള്‍ ഏതുവരെ പോകാം എന്നത് സംബന്ധിച്ച നയ രൂപീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സി.ഇ.ടി സംഭവം ഒരു നിമിത്തം മാത്രമാണ്. കേരളത്തിലെ എല്ലാ കലാലയങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന് അഭിപ്രായമില്ല. എന്നാല്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മാനദണ്ഡങ്ങള്‍ ആവശ്യമാണ്. ഇത് സംബന്ധിച്ച് പൊതു അഭിപ്രായം രൂപീകരിക്കുകയാണ് ലക്ഷ്യം. പോലീസിന്റെയും സര്‍ക്കാരിന്റെയും ഇടപെടലില്ലാതെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാല്‍ തന്നെ കലാലയങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് മന്ത്രി പറഞ്ഞു. പല സംഭവങ്ങളിലും വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അദ്ധ്യാപകരും മാനേജ്‌മെന്റുകളും ഉത്തരവാദികളാണ്. ഒരു കാരണവശാലും പോലീസ് കാമ്പസുകളില്‍ കയറുന്നതിനോട് യോജിപ്പില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍കാലങ്ങളിലെ നിലപാട് തുടരുമെന്നും മന്ത്രി അറിയിച്ചു. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തുകൊണ്ട് മുന്‍കാലങ്ങളിലെപോലെ സ്വീകാര്യത ലഭിക്കുന്നില്ല എന്നത് വിദ്യാര്‍ത്ഥി സംഘടനകള്‍ ഗൗരവമായി ആലോചിക്കണം. കാമ്പസുകളില്‍ രാഷ്ട്രീയമുള്ളതിനേക്കാള്‍ അപകടമാണ് അരാഷ്ട്രീയത വളര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് ഹോസ്റ്റലുകള്‍ സംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും, ഇക്കാര്യത്തില്‍ ക്രമീകരണങ്ങള്‍ ആവശ്യമാണെന്നും വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഇതിന് വ്യക്തമായ നയം രൂപീകരിക്കണം. റഗുലറായി പഠിക്കാത്തവര്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പല ഹോസ്റ്റലുകളിലും വാര്‍ഡന്‍മാരില്ല. മെസ് നടത്തിപ്പിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട മെസ് കമ്മിറ്റി രൂപീകരിക്കുന്നതും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. എഞ്ചിനീയറിംഗ് കോളേജുകളില്‍ മുന്‍ സെമസ്റ്റര്‍ പാസാകാത്തവര്‍ക്കും ക്ലാസ് കയറ്റം നല്‍കുന്ന രീതി പുനപരിശോധിക്കേണ്ടതാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം, ആഭ്യന്തര വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, വൈസ് ചാന്‍സലര്‍മാര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങളില്‍ന്മേല്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ അഭിപ്രായം അറിയിച്ചു. അടുത്ത ബുധനാഴ്ച അദ്ധ്യാപക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്ന് അഭിപ്രായം അറിഞ്ഞ ശേഷം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റൊ, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി.ശ്രീനിവാസ്, വൈസ് ചാന്‍സലര്‍മാരായ ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. പി.കെ രാധാകൃഷ്ണന്‍, ഡോ.എം.കെ.അബ്ദുള്‍ഖാദര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post