പാലക്കാട്: പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൃത്ത നാട്യ പുരസ്‌കാരം ലഭിച്ച കലാകാരിയാണ്. 2014 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഷഡ്ക്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ സത്യഭാമയെ തേടിയെത്തിയിട്ടുണ്ട്.
മോഹനിയാട്ടത്തില്‍ ഘടനാപരമായ മാറ്റം വരുത്തിയ കലാകാരിയാണ് സത്യഭാമ. നേരത്തെ കഥകളിയുടെ നിഴലെന്നു വിശേഷിപ്പിക്കാവുന്ന കലാരൂപമായിരുന്നു മോഹിനിയാട്ടം. ഇതിനെ ലളിതമാക്കാന്‍ സത്യഭാമയ്ക്കു കഴിഞ്ഞു. പുതിയ അടവും ഭംഗിയുള്ള മുദ്രകളുമുണ്ടാക്കിയാണ് മോഹിനിയാട്ടത്തെ ഇന്നത്തെ നിലയില്‍ പരിഷ്‌ക്കരച്ചത്. മോഹിനിയാട്ടം : ചരിത്രം സിദ്ധാന്തം പ്രയോഗം എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ഈ ഗ്രന്ഥത്തില്‍ മോഹിനിയാട്ടത്തെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്നു. കഥകളി ആചാര്യന്‍ കലാമണ്ഡലം പത്മനാഭന്‍ നായരാണ് ഭര്‍ത്താവ്.
സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിന് ഷൊര്‍ണൂര്‍ ശാന്തികവാടത്തില്‍ നടക്കും. മൃതദേഹം ഉച്ചക്ക് രണ്ടിന് കേരളകലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Discussion about this post