ബംഗളൂരു: കര്‍ണാടകയില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 2.15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയ്ക്കു സമീപം മാര്‍ത്തൂര്‍ സ്റ്റേഷനിലായിരുന്നു അപകടം. ആന്ധ്രപ്രദേശിലെ സെക്കന്ദരാബാദില്‍നിന്നും മുംബൈയിലേക്കു പോകുകയായിരുന്ന സെക്കന്ദരാബാദ്- മുംബൈ തുരന്തോ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ ഒമ്പതു കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദരാബാദ് സ്വദേശിനികളായ പുഷ്പലത (40), ജ്യോതി (28) എന്നിവരാണു മരിച്ചത്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
ബി-എട്ട് കോച്ചിയില്‍ യാത്ര ചെയ്തിരുന്നവരാണു മരിച്ചവരും പരിക്കേറ്റവരും. ബംഗളൂരുവില്‍നിന്ന് 600 കിലോമീറ്റര്‍ വടക്കുള്ള പ്രദേശമാണു ഗുല്‍ബര്‍ഗ. പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. എഴുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരും റെയില്‍വേ, സിആര്‍പിഎഫ് അംഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടകാരണം കണെ്ടത്താന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്നു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍ അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്കു രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ചെറിയ പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നല്‍കും.
അപകടത്തെത്തുടര്‍ന്ന് ഗുല്‍ബര്‍ഗ, സെക്കന്ദരാബാദ്, സോലാപുര്‍, ഛത്രപതി ശിവജി ടെര്‍മിനസ്, ലോകമാന്യ തിലക് ടെര്‍മിനസ്, കല്യാണ്‍ എന്നിവിടങ്ങളിലെ സ്റ്റേഷനുകളില്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിരുന്നു. പാളം തെറ്റിയതിനു പിന്നാലെ ഇതുവഴിയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഒരു ലൈനില്‍ മാത്രം റെയില്‍ഗതാഗതം പുനഃസ്ഥാപിച്ചു.













Discussion about this post