തിരുവനന്തപുരം: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് രണ്ട് സബ് കമ്മിറ്റികള്‍രൂപീകരിക്കാന്‍ തീരുമാനമായി. 25 കോടി രൂപ വരെയുള്ള ജോലികള്‍ക്കും അഞ്ച് കോടി രൂപ വരെയുള്ള ജോലികള്‍ക്കും അനുമതി നല്‍കുന്നതിന് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയിലാണ് രണ്ട് സമിതികള്‍ രൂപീകരിക്കുക.
അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍, സ്വതന്ത്ര ഡയറക്ടര്‍ പാര്‍വതി അമ്മാള്‍, മാനേജിങ് ഡയറക്ടര്‍ ജി.ചന്ദ്രമൗലി എന്നിവരാണ് സബ്കമ്മിറ്റി അംഗങ്ങള്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം കമ്പനി സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസായി കുറയ്ക്കാനും തീരുമാനിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി ഈ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിക്കും. വിമാനത്താവളത്തിലേക്ക് ആവശ്യമായ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങുന്നതിനും ബോര്‍ഡ് യോഗം അനുമതി നല്‍കി. കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയ ഒഴിവിലേക്ക് മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുവാന്‍ ധനകാര്യ വകുപ്പിലേക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനമായി.
മന്ത്രിമാരായ കെ.ബാബു, കെ.പി.മോഹനന്‍, ഡോ.എം.കെ.മുനീര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












