തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ ഹെല്‍മറ്റ് പരിശോധന നടത്തണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡ് സുരക്ഷാ അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷയ്ക്ക് ഭീഷണിയായി നില്‍ക്കുന്ന ഹോര്‍ഡിംഗുകളും പരസ്യങ്ങളും മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണമെന്നും ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചു. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്നുവരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് അദ്ധ്യക്ഷന്‍മാരുടെയും ദ്വിദിന യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
റോഡ് വശത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കണം. ഇതിനായി പ്രത്യേകം ടെസ്റ്റിംഗ് ഗ്രൗണ്ടുകള്‍ സജ്ജീകരിക്കണം. നിലവില്‍ സ്ഥലം ഏറ്റെടുത്തിട്ടുള്ളയിടങ്ങളില്‍ ആദ്യഘട്ടത്തിലും മറ്റിടങ്ങളില്‍ സ്ഥലം ലഭ്യമാകുന്ന മുറയ്ക്കും ടെസ്റ്റിംഗ് ഗ്രൗണ്ടുകള്‍ സജ്ജീകരിക്കും. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനുള്ള സാമ്പത്തിക പരിധി നിയന്ത്രണം മാറ്റണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ധനകാര്യ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. വരള്‍ച്ച മുന്നില്‍ക്കണ്ട് ചെക്ക് ഡാം പോലുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കണം. വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റികള്‍ക്ക് ഫണ്ട് അനുവദിക്കണമെന്ന് ജില്ലാതല യോഗം വിളിച്ചുകൂട്ടാനും നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളെ സംബന്ധിച്ച ചര്‍ച്ച രണ്ടാം ദിവസമായ ഇന്നും തുടരും.
Discussion about this post