തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ keralanews.gov.in ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.സി.ജോസഫ് പോര്‍ട്ടലിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
പ്രാദേശികതലത്തിലുള്ള സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ന്യൂസ് പോര്‍ട്ടലിന്റെ പ്രാഥമികമായ ലക്ഷ്യം. സംസ്ഥാനത്തെ രണ്ട് ബ്ലോക്കുകള്‍ക്ക് ഒരു ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എന്ന ക്രമത്തില്‍ ഇതിന് നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കലാസാംസ്‌കാരിക രംഗത്തെയും വൈജ്ഞാനിക രംഗത്തെയും പുത്തന്‍വിശേഷങ്ങള്‍ കേരളാന്യൂസ് വായനക്കാരിലേക്കെത്തിക്കും. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തകളും ന്യൂസ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ ഇംഗ്ലീഷിലാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലോക്കുകളില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ നല്‍കുന്ന വാര്‍ത്തകള്‍ ജില്ലാതലത്തില്‍ സബ് എഡിറ്റര്‍മാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തിയാണ് അപ് ലോഡ് ചെയ്യുന്നത്. ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലിന്റെ സംസ്ഥാനതലത്തിലുള്ള എഡിറ്റോറിയല്‍ തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുന്നത്. പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള മെട്രോ ഓഫീസിലാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ആസ്ഥാനം. ജില്ലാതലത്തിലുള്ള വാര്‍ത്തകള്‍, മന്ത്രിസഭാതീരുമാനങ്ങള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, വിനോദം. ജീവിതശൈലി, കായികം, വായന, വാര്‍ത്താക്കുറിപ്പുകള്‍, നിയമസഭാവിശേഷങ്ങള്‍, ഫോട്ടോഗ്യാലറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി സമഗ്രമായ ഇ-വായനയാണ് കേരളാന്യൂസ് ലക്ഷ്യമിടുന്നത്.
സി.ഡിറ്റാണ് ഐ-പി.ആര്‍.ഡിക്കുവേണ്ടി ന്യൂസ് പോര്‍ട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി, അഡീഷണല്‍ ഡയറക്ടര്‍ രമേഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രാജ്‌മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post