ന്യൂഡല്‍ഹി: രാജ്യത്തു മെഡിക്കല്‍ പ്രവേശനത്തിനു ഇനി ഒറ്റ പ്രവേശന പരീക്ഷ മാത്രം. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തു. വ്യാഴാഴ്ച രാത്രി നടന്ന യോഗത്തിലാണു സുപ്രധാന നിര്‍ദേശം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവച്ചത്. ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്.
ഇന്ത്യയില്‍ സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും നിര്‍ദേശം ബാധകമാണ്. പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളെ തുടര്‍ന്നാണു നടപടി. കൗണ്‍സില്‍ തീരുമാനം അടുത്ത വര്‍ഷം മുതലാണു നടപ്പാക്കാന്‍ നിര്‍ദേശം നല്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനി പ്രവേശനപരീക്ഷ നടത്താന്‍ അനുവാദം ഉണ്ടായിരിക്കില്ല. മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന പരീക്ഷകള്‍ക്കും സാധുത ഉണ്ടായിരിക്കില്ല. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളുവെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്കി. സംവരണ സീറ്റുകള്‍ സംബന്ധിച്ചും പ്രവേശനത്തിനു മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്‌ടെന്നാണു വിവരം.













Discussion about this post