പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല മകരവിളക്കു സീസണില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ശബരിമലയില്‍ 50 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ശബരിമല മണ്ഡല കാലത്തിനു മുന്നോടിയായി ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ദേവസ്വംബോര്‍ഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വാട്ടര്‍ കിയോസ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ എ.ടി. എമ്മുകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കും. പമ്പയിലും സന്നിധാനത്തും സ്ഥിരം തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ മരത്തില്‍ താത്കാലികമായി വിളക്കുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാവും. വനംവകുപ്പിന്‍റെ അനുമതി ലഭിച്ചാല്‍ ചക്കുവള്ളി ഒന്ന്, രണ്ട് മേഖലകളിലെ പാര്‍ക്കിംഗ് സ്ഥലത്തും സ്ഥിരം ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ തുക കെ. എസ്. ഇ.ബി തന്നെ കണ്ടെത്തും. വൈദ്യുതി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാനായി സന്നിധാനത്ത് ഏരിയല്‍ ബഞ്ച് കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ദുരന്തനിവാരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 20ന് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് സുരക്ഷായാത്ര നടത്തും. റോഡരികില്‍ മരങ്ങളും ശിഖരങ്ങളും അപകടാവസ്ഥയിലുണ്ടോയെന്ന് യാത്രയില്‍ പരിശോധിക്കും. ദുരന്തനിവാരണ യൂണിറ്റിന്‍റെ എമര്‍ജന്‍സി ഓപ്പറേഷന്‍ കേന്ദ്രം നവംബര്‍ 15 മുതല്‍ 2016 ജനുവരി 20 വരെ ശബരിമലയില്‍ പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ദുരന്ത നിവാരണം സംബന്ധിച്ച് പ്രത്യേക സംഘം പഠനം നടത്തും. ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ശബരിമലയിലെ അപകട മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കും. ബി. എസ്. എന്‍. എല്‍ സാധാരണയുള്ള ഒരു ടവറിന് പുറമെ പുതിയ രണ്ട് താത്ക്കാലിക ടവര്‍ സംവിധാനം ഒരുക്കാമെന്ന് യോഗത്തില്‍ അറിയിച്ചു. വനംവകുപ്പിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പരിശോധനാ ലാബുകള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്തും പമ്പയിലുമുള്ള ഭക്ഷണകേന്ദ്രങ്ങളിലുള്ളവര്‍ക്ക് ഭക്ഷ്യസുരക്ഷയെക്കുറിച്ച് പരിശീലനം നല്‍കാനും തീരുമാനിച്ചു. വനംവകുപ്പിന്‍റെ റാപ്പിഡ് ആക്ഷന്‍ ടീം ഇത്തവണ പ്രവര്‍ത്തിക്കും. ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കും. തങ്ക അങ്കി ഘോഷയാത്രയെ അനുഗമിക്കുന്ന പൊലീസുകാര്‍ക്ക് താമസത്തിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ ആവശ്യപ്പെട്ടു.
ഈ മാസം 13 മുതല്‍ അരവണ നിര്‍മ്മാണം ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നവംബര്‍ പത്തിന് പമ്പിംഗ് ആരംഭിക്കുമെന്നും വാട്ടര്‍ ടാങ്കുകള്‍ നിറയ്ക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാഹന പാര്‍ക്കിംഗിന് കൂപ്പണുകള്‍ക്ക് പകരം സ്റ്റിക്കര്‍ ഉപയോഗിക്കുന്നത് പരിഗണിക്കും. കടവുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ഇറിഗേഷന്‍ വകുപ്പ് സ്വീകരിക്കും. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സുരക്ഷാ വേലി ഒരുക്കുകയും ചെയ്യും. നവംബര്‍ 11 മുതല്‍ കെ. എസ്. ആര്‍. ടി. സി പ്രത്യേക സര്‍വീസ് ആരംഭിക്കും. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ 100 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും. എക്സൈസ് വകുപ്പ് വനമേഖലകളില്‍ റെയ്ഡുകള്‍ നടത്തുകയും പന്തളത്ത് പിക്കറ്റ് ഏര്‍പ്പെടുത്തുകയും ചെയ്യും. സന്നിധാനത്തെ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ പകരം സംവിധാനം ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതാമരാമത്ത് നിരത്ത് വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകള്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ യോഗം വിളിക്കും.
അയ്യപ്പസേവാ സംഘത്തിന്‍റെ 450 സന്നദ്ധ സേവകര്‍ ശബരിമലയിലുണ്ടാവും. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി. വി. സുഭാഷ്, അസിസ്റ്റന്‍റ് കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു













Discussion about this post