ന്യൂഡല്‍ഹി: കൂടുതല്‍ മേഖലകളിലേക്ക് ആധാര്‍ നമ്പര്‍ ബാധകമാക്കാന്‍ ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി സര്‍ക്കാറിന് അനുമതി നല്‍കി. ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍, വിവിധ പെന്‍ഷന്‍ പദ്ധതികള്‍, പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്നിവയ്ക്ക് കൂടി ആധാര്‍ ബാധകമാക്കാനാണ് അനുമതി നല്‍കിയത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോയെന്ന വിഷയം വിപുലമായ ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വിട്ടു.
പൊതുവിതരണത്തിനും പാചകവാതകത്തിനും ഒഴിച്ച് മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന രണ്ടംഗ ബെഞ്ചിന്റെ ഉത്തരവാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഷ്‌കരിച്ചത്.
ആധാര്‍ പദ്ധതി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോയെന്ന വിഷയം നേരത്തേ ഭരണഘടനാബെഞ്ചിന് വിട്ടിരുന്നു. ആധാര്‍കാര്‍ഡ് തിരിച്ചറിയുന്നതിനുള്ള സംവിധാനം മാത്രമാണെന്നും പദ്ധതി സുരക്ഷിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Discussion about this post