കൊച്ചി: സംസ്ഥാനത്തെ കേളേജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ വാഹനം കോളജ് അധികൃതര്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു വിദ്യാര്‍ഥിനി മരിച്ചതിനെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ 26 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് വി. ചിദംബരേഷിന്റെ ഉത്തരവ്.
കോളേജ് കാമ്പസുകളിലെ അതിരുവിട്ട ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ഥികളുടെ ഭാവന കാടുകയറുകയാണെന്നു കോടതി നിരീക്ഷിച്ചു. കോളജ് വളപ്പിലും ഹോസ്റ്റലുകളിലും ഇത്തരം ഞാണിന്മേല്‍കളി അവസാനിപ്പിക്കണം. വിദ്യാര്‍ഥികളുടെ ഭാവന കലാപമായി മാറുന്നതു കര്‍ശനമായി തടയണം. കലാലയങ്ങളിലെ ആഘോഷങ്ങള്‍ നിയന്ത്രിച്ചു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം മികച്ചതാണ്. എന്നാല്‍, അവ കടലാസില്‍ ഒതുങ്ങരുത്.
കോളേജുകളും ഹോസ്റ്റലുകളും വിദ്യാര്‍ഥികള്‍ക്ക് ആര്‍ഭാടം കാണിക്കാനുള്ള വേദിയല്ല. 100 ഏക്കര്‍ വരുന്ന ഐഐടികളില്‍ പോലും സൈക്കിള്‍ യാത്ര മാത്രമാണ് അനുവദിക്കുന്നത്. സംസ്ഥാനത്തെ കലാലയങ്ങളുടെ കാമ്പസുകള്‍ 10 ഏക്കറില്‍ കൂടുതല്‍ വരില്ല. ഹെല്‍മറ്റ് ഉപയോഗിക്കാതെ, സൈലന്‍സര്‍ മാറ്റി വാഹനങ്ങള്‍ കാമ്പസിലൂടെ ഓടിക്കുന്ന രീതി കര്‍ശനമായി തടയണം.
അച്ചടക്കമാണു വിദ്യാഭ്യാസത്തിന്റെ ആധാരശിലയെന്നു സോജന്‍ ഫ്രാന്‍സിസ് കേസില്‍ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ ഓണാഘോഷത്തിനിടെ നടന്ന അച്ചടക്കരാഹിത്യം ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ എടുക്കുന്നതായി. ഇത്തരം ആഘോഷം അനുവദിക്കാനാവില്ല.
കഴിഞ്ഞ ഓഗസ്റ്റ് 19നു നടന്ന ഓണാഘോഷത്തിനു കോളേജ് ഹോസ്റ്റലില്‍നിന്നു രണ്ടു ജീപ്പുകളിലും ചെകുത്താന്‍ എന്നു പേരെഴുതിയ ലോറിയിലും ഘോഷയാത്രയായി എത്തിയ വിദ്യാര്‍ഥികളാണു സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാര്‍ഥികള്‍ അച്ചടക്കരാഹിത്യം കാട്ടിയെന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളേജ് അധികൃതര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു കോളേജ് കൗണ്‍സില്‍ ജീപ്പോടിച്ച വിദ്യാര്‍ഥിയെ കോളേജില്‍നിന്നു പുറത്താക്കുകയും മറ്റു വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം മുതല്‍ 20 ദിവസം വരെ സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തത്. ഈ ഉത്തരവ് ചോദ്യംചെയ്താണ് അവിനാശ് ദാസ് ഉള്‍പ്പെടെ 26 വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നും വിദ്യാര്‍ഥികള്‍ക്കു വേണമെങ്കില്‍ പരാതി പരിഹാരബോര്‍ഡിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബോര്‍ഡിന്റെ നിഗമനങ്ങള്‍ സിന്‍ഡിക്കറ്റിനു സമര്‍പ്പിക്കും, ഇതു പരിഗണിച്ചു സിന്‍ഡിക്കറ്റിന് ഉചിതമായ തീരുമാനം എടുക്കാനാവുമെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ ഓണാഘോഷത്തിനു വൈകുന്നേരം നാലു മുതല്‍ 4.30വരെ ഘോഷയാത്ര അനുവദിച്ചതിന്റെ ആവശ്യം മനസിലാകുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഘോഷയാത്ര കാമ്പസില്‍ കടക്കരുതെന്നു പ്രിന്‍സിപ്പല്‍ വാക്കാല്‍ പറഞ്ഞിരുന്നുവെന്ന് ഒരു വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കോളജില്‍ ജെസിബി കൊണ്ടുവന്ന് അതില്‍ അണിനിരന്നാണു വിദ്യാര്‍ഥികള്‍ ഓണം ആഘോഷിച്ചത്. മറ്റൊരു കോളേജില്‍ ഓണാഘോഷത്തിനിടയ്ക്കു കൃത്രിമമഴ പെയ്യിക്കുന്നതിനു ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏത് ആഘോഷത്തിന്റെ പേരിലായാലും കോളേജ് വളപ്പിലോ ഹോസ്റ്റലിലോ ഘോഷയാത്ര അനുവദിക്കരുതെന്നു കോടതി വ്യക്തമാക്കി.
Discussion about this post